മദ്യപിച്ചുണ്ടായ വാക്കേറ്റം;കൊല്ലത്ത് യുവാവ് അമ്മാവനെ കൊലപ്പെടുത്തി

കൊല്ലം : കൊല്ലം കൊട്ടാരക്കര വാക്കനാട് യുവാവ് അമ്മാവനെ കൊലപ്പെടുത്തി. ഇലയം സ്വദേശി ശിവകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരി പുത്രന്‍ നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ടിപ്പര്‍ ലോറി ഡ്രൈവര്‍മാരായി ജോലി നോക്കിയിരുന്നവരാണ് ഇരുവരും. ഇവർ ഇന്നലെ അമിതമായി മദ്യപിച്ചിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ശിവകുമാറിന്റ വീടിന് സമീപത്ത് വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഒത്തുതീര്‍പ്പിനായി ഇടക്ക് കയറിയ അമ്മ ശാന്തയ്ക്കും മര്‍ദനമേറ്റു. അടിയേറ്റ് വീണ ശിവകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതുമായുള്ള തര്‍ക്കത്തില്‍ ഇരുവരും വിരോധത്തിലായിരുന്നു. അതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാകാം കൊലപാതക കാരണമെന്നും ബന്ധുക്കള്‍ പറയുന്നു. എഴുകോണ്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിധീഷിനെ അറസ്റ്റ് ചെയ്തു.

Top