കര്‍ഷക പ്രക്ഷോഭം; മന്‍ കി ബാത്തിനിടെ പാത്രം കൊട്ടി പ്രതിഷേധിക്കാനൊരുങ്ങി സമരക്കാര്‍

farmers march

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിനിടെ പത്രം കൊട്ടി പ്രതിഷേധിക്കാനൊരുങ്ങി കര്‍ഷകര്‍. കര്‍ഷക സമരത്തിനോട് പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് എതിരായാണ് പ്രതിഷേധം. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷക സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോള്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറാണെന്ന് സംഘടന നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ 29 ചൊവ്വാഴ്ച രാവിലെ 11 ന് ചര്‍ച്ചക്ക് തയ്യാറാണെന്നാണ് നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നത്. 40 കര്‍ഷക സംഘടനകളുടെയും നേതാക്കള്‍ ഒപ്പിട്ട കത്തില്‍ മറ്റ് നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു.

മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ദേശീയ കര്‍ഷക കമ്മീഷന്‍ നിര്‍ദ്ദേശിച്ച താങ്ങ് വില നിയമപരമായി ഉറപ്പാക്കണം, അന്തരീക്ഷ മലിനീകരണത്തിന്റെ പേരില്‍ വൈക്കോല്‍ കത്തിക്കുന്നതിനെതിരെ ശിക്ഷാനടപടികളില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കണം, ‘വൈദ്യുതി ഭേദഗതി ബില്‍ 2020’ നകത്ത് കര്‍ഷകര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ വരുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്നത്.

അതിനിടെ, കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി, എന്‍.ഡി.എ മുന്നണി വിട്ടു. നേരത്തെ ശിരോമണി അകാലി ദളും മുന്നണി വിട്ടിരുന്നു. പഞ്ചാബിലെ ബിജെപി മുന്‍ എം.പി ഹരീന്ദര്‍ സിംഗ് ഖല്‍സ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.

Top