മുത്തലാഖ് ക്രമിനല്‍ കുറ്റം; യു.പിയിലെ മഥുരയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

മഥുര (യു.പി): മുത്തലാഖ് ക്രമിനല്‍ കുറ്റമായതിന് പിന്നാലെ രാജ്യത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാണ സ്വദേശിക്കെതിരെ മഥുരയിലെ മഹിളാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുത്തലാഖുമായി ബന്ധപ്പെട്ട രാജ്യത്തെ ആദ്യ കേസായിരിക്കാം ഇതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ഹരിയാന സ്വദേശി ഇക്രാം എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഒരു ലക്ഷം രൂപ സ്ത്രീധനം നല്‍കണമെന്ന ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് മഥുര സ്വദേശിനിയായ ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി. സ്ത്രീധന പീഡനം സംബന്ധിച്ച പരാതിയെത്തുടര്‍ന്ന് ദമ്പതികളെ നേരത്തെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും പ്രശ്നങ്ങള്‍ പരിഹരിച്ച് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരുലക്ഷം രൂപ നല്‍കാന്‍ കഴിയില്ലെന്ന് ഭാര്യാ മാതാവ് വ്യക്തമാക്കിയതോടെ ഇക്രാം ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്നാണ് കേസ്.

കഴിഞ്ഞ ദിവസമാണ് മുത്തലാഖ് ക്രമിനല്‍ കുറ്റമാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ബില്‍ നിയമമായി. മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷംതടവുശിക്ഷയാണ് വ്യവസ്ഥചെയ്യുന്നത്.

Top