മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാളുടെ നില ഗുരുതരം; എഴുപതോളം പേര്‍ ചികിത്സയിൽ

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മാമോദിസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് പരാതി.

മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച്ച സെന്റ് തോമസ് പള്ളിയിലാണ് മാമോദിസ ചടങ്ങ് നടത്തിയത്. ചെങ്ങന്നൂരില്‍ ഓവന്‍ ഫ്രഷ് കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്നാണ് ഭക്ഷണസാധനങ്ങള്‍ എത്തിച്ചത്. എന്നാല്‍ അതേ ദിവസം കമ്പനി മറ്റിടങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണത്തെക്കുറിച്ച് പരാതി ഇല്ലെന്ന് കമ്പനി പ്രതികരിച്ചു.

ഏകദേശം ഇരുന്നൂറിനടുത്ത് ആളുകള്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതില്‍ എഴുപതോളം പേര്‍ അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ ഇടങ്ങളില്‍ ചികിത്സ തേടിയെന്നാണ് വിവരം. സസ്യേതര വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ഭക്ഷണം കഴിച്ചവരില്‍ വയറിളക്കവും ഛര്‍ദിയുമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ പരാതി നല്‍കാനാണ് സംഘാടകരുടെ തീരുമാനം.

Top