ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ ചാടിപ്പോയി

ഒറ്റപ്പാലം: കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി. കൊച്ചി കടവന്ത്ര സ്വദേശിയായ 46-കാരനാണ് തിങ്കളാഴ്ച പുലര്‍ച്ചെ 1.45ഓടെ ആശുപത്രിയില്‍ നിന്ന് മുങ്ങിയത്.

മൂന്ന് ദിവസം മുന്‍പ് ചെന്നൈയില്‍നിന്ന് രോഗലക്ഷണങ്ങളോടെ എത്തിയ ഇയാളെ പത്തിരിപ്പാലയില്‍ വച്ചാണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്. ഇയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഫലം ലഭിച്ചിട്ടില്ല. കലശലായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഇയാള്‍ക്ക് രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പും പോലീസും പറയുന്നത്.

ഇയാള്‍ രക്ഷപ്പെടുന്ന സമയത്ത് സംഭവം ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ആശുപത്രിക്ക് പിന്‍ഭാഗത്തുകൂടി ബൈക്കില്‍ രക്ഷപ്പെട്ടതായാണ് കരുതുന്നത്.
ആശുപത്രി അധികൃതരുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തെരച്ചില്‍ തുടങ്ങി.

Top