മദ്യപിച്ചെത്തിയ യുവാവ് സ്വന്തം വീടിന് തീവെച്ചു, ഭാര്യയും മൂന്ന് മക്കളും രക്ഷപ്പെട്ടു

കൊല്ലം: മദ്യപിച്ചെത്തി സ്വന്തം വീടിന് തീവച്ച് യുവാവ്. ശൂരനാട് തെക്ക് പതാരം സ്വദേശി മുരളിയാണ് സ്വന്തം വീടിന് തീവച്ചത്. ഭാര്യയും മൂന്ന് മക്കളും വീടിന് പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. മദ്യപിച്ച് വീട്ടിലെത്തുന്ന മുരളി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോയ മുരളിക്കായി ശാസ്താംകോട്ടപൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് വീട്ടിലെത്തിയ മുരളി വീട്ടുകാരുമായി വഴക്കുണ്ടാക്കുകയും വീടിന് തീയിടുകയുമായിരുന്നു. ഓല മേഞ്ഞ വീടായിരുന്നു ഇത്. തീ പടരുന്ന സമയത്ത് വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നു. എന്നാല്‍ പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഈ സമയം കെഎസ്ഇബി അധികൃതര്‍ പ്രദേശത്തെ വൈദ്യുതി ബന്ധം കൂടി വിച്ഛേദിച്ചതോടെ അപകടം ഒഴിയുകയായിരുന്നു.

Top