വാട്സാപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം: പരിക്കേറ്റ യുവാവ് മരിച്ചു

അടൂര്‍: വാട്സാപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ യുവാവ് മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഏനാദിമംഗലം, മാരൂര്‍ അനീഷ്ഭവനില്‍ അനില്‍കുമാ(44)റിനെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പത്ര ഏജന്റ് ആയിരുന്ന മാരൂര്‍ രണജിത്ത്
ഭവനില്‍ രണജിത്ത്(43) മരിച്ചതുമായി ബന്ധപ്പെട്ടാണ് അനില്‍ കുമാര്‍ പിടിയിലായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് രണജിത്ത് മരിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 27 ഞായറാഴ്ച രാത്രിയിലാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് രണജിത്തിന് പരിക്കേറ്റത്. തുടര്‍ന്ന് രണജിത്തിന്റെ ഭാര്യ സജിനി പോലീസിന് നല്‍കിയ മൊഴി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രണജിത്ത് ഉള്‍പ്പെടുന്ന നവ മാധ്യമ കൂട്ടായ്മയിലെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഭര്‍ത്താവിന് പരിക്കേറ്റതെന്നാണ് സജിനി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്.

പോലീസിന്റെ അന്വേഷണത്തില്‍ പ്രതിയും രണജിത്തും തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി മനസ്സിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവദിവസം രാത്രി പ്രതിയും രണജിത്തുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്കേറ്റ ഗുരുതര പരിക്ക് മൂലം രണജിത്ത് മരിച്ചെന്നാണ് പോലീസ് നിഗമനം. അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രണജിത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Top