ട്രെയിനിന് മുകളിലൂടെ സാഹസികമായ നടത്തം; യുവാവ് ഷോക്കേറ്റു മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഗോരാഖ്പൂര്‍ സ്റ്റേഷനില്‍ ട്രെയിനിന് മുകളിലൂടെ സാഹസികമായി നടന്ന യുവാവ് ഷോക്കേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്.

ട്രെയിനിന് മുകളിലൂടെ നടന്ന യുവാവിന് ഹൈ വോള്‍ട്ടേജുള്ള ഇലക്ട്രിക് കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ് ട്രെയിനിന് മുകളില്‍ വീണ യുവാവിനെ രാജവാഡി ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നുവെന്ന് റെയില്‍വെ ചീഫ് പിആര്‍ഒ ശിവജി സുതാര്‍ പറഞ്ഞു.

നേരത്തെ പാറ്റ്‌നയിലും പശ്ചിമ ബംഗാളിലെ റെയില്‍വെ സ്റ്റേഷനിലും ആന്ധ്രാപ്രദേശിലെ വിജയവാഡ റെയില്‍വേ സ്റ്റേഷനിലും ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. പാറ്റ്‌നയില്‍ ചരക്ക് തീവണ്ടിക്കു മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 22 വയസുകാരനായ രോഹന്‍ കുമാറാണ് അതിദാരുണമായി മരിച്ചത്.

Top