വീണ്ടും കോവിഡ് മരണം; കാസര്‍ഗോഡ് മരിച്ച അബ്ദുള്‍ റഹ്മാന് കോവിഡ് സ്ഥിരീകരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം കൂടി. കാസര്‍കോട് ഇന്നലെ മരിച്ചയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക ഹുബ്ലിയിലെ വ്യാപാരിയായ മെഗ്രാല്‍പൂത്തൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്.

കേരളത്തില്‍ ആരുമായി ഇയാള്‍ക്ക് സമ്പര്‍ക്കമില്ലെന്നാണ് വിവരം. അബ്ദുള്‍ റഹ്മാന് രോഗമുണ്ടായത് കര്‍ണാടകയില്‍ നിന്നെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇദ്ദേഹത്തിന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവായിരുന്നു. അതിന് പിന്നാലെ നടത്തിയ പിസിആര്‍ ടെസ്റ്റിലും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ഇയാളെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അബ്ദുള്‍ റഹ്മാന്‍ ആംബുലന്‍സ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത്. അവിടെ നിന്നും ടാക്‌സിയില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പനി കൂടുതലാണെന്ന് മാത്രമാണ് ആശുപത്രിയില്‍ അറിയിച്ചിരുന്നത്. മരണം സംഭവിച്ചതോടെ ഡോക്ടര്‍മാര്‍ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ബന്ധുക്കളടക്കമുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top