പബ്ജിയില്‍ മുഴുകി വെള്ളമാണെന്ന് കരുതി രാസലായനി കുടിച്ച യുവാവിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: വെള്ളമാണെന്ന് കരുതി രാസലായനി കുടിച്ച യുവാവിന് ദാരുണാന്ത്യം. പബ്ജിയില്‍ മുഴുകിയ യുവാവാണ് വെള്ളമാണെന്ന് കരുതി സ്വര്‍ണ്ണം മിനുക്കാന്‍ ഉപയോഗിക്കുന്ന രാസലായനി കുടിച്ചത്. സൗരഭ് യാദവ് എന്ന ഇരുപതുകാരനാണ് ഇത്തരത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്.

സ്വര്‍ണ്ണവ്യാപാരിയും സുഹൃത്തുമായ സന്തോഷ് ശര്‍മ്മയ്‌ക്കൊപ്പം വ്യാപാര ആവശ്യങ്ങള്‍ക്കായി ആഗ്രയിലേക്ക് പോകുകയായിരുന്നു സൗരഭ്. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ സൗരഭ് മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിക്കുകയായിരുന്നു. വെള്ളം കുടിക്കാന്‍ വേണ്ടി കുടിവെള്ളത്തിന്റെ കുപ്പിയ്ക്ക് പകരം എടുത്തത് രാസലായനിയാണ്. സ്വര്‍ണ്ണം മിനുക്കാനുപയോഗിക്കുന്ന ലായനിയും കുടിവെളളവും ഒരേ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. പബ്ജിയില്‍ ശ്രദ്ധിച്ചിരുന്നത് മൂലം കുപ്പിയില്‍ എന്തായിരുന്നുവെന്ന് പരിശോധിക്കാതെ കുടിക്കുകയായിരുന്നു എന്ന് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ വിജയ് സിംഗ് വിശദമാക്കുന്നു.

രാസലായനി ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് സൗരഭിന്റെ ആരോഗ്യം വളരെപെട്ടെന്ന് വഷളായി. കുറച്ച് സമയത്തിന് ശേഷം സൗരഭ് കുഴഞ്ഞുവീഴുകയും ചെയ്തു. അടുത്ത റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേയ്ക്കും സൗരഭ് മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നും വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Top