സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ കുടിച്ചു;ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ഇടുക്കി : സാനിറ്റൈസർ നിർമാണത്തിനുള്ള ആൽക്കഹോൾ കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മൂന്നാറിലെ ഹോം സ്റ്റേ ഉടമ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് മരിച്ചത്. 72 വയസ്സായിരുന്നു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം.

ഹോം സ്റ്റേയിൽ താമസിക്കാൻ എത്തിയ സുഹൃത്തിനൊപ്പം ചേർന്ന് കഴിഞ്ഞ മാസം 29 നാണ് തങ്കപ്പനും ഡ്രൈവറും സാനിറ്റെസർ ആൽക്കഹോൾ കുടിച്ചത്. ഒരാഴ്ച്ച മുമ്പ് ഇയാളുടെ ഡ്രൈവർ ജോബി കോലഞ്ചേരി ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. ആൽക്കഹോൾ കൊണ്ടുവന്ന സുഹൃത്ത് മനോജിന്റെ കണ്ണിൻ്റെ കാഴ്ച്ച ഭാഗികമായി നഷ്ടപ്പെട്ട് ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാകും ഇതിനു കാരണം എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് മദ്യം കഴിച്ച വിവരം ഇവര്‍ പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനോജ് ആമസോണ്‍ വഴി വാങ്ങിയ സാനിട്ടയിസര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്പിരിറ്റാണ് കഴിച്ചതെന്ന് വ്യക്തമായത്.

ഇയാളുടെ വീട്ടിൽ അന്വേഷണസംഘം നടത്തിയ തെരച്ചിലിൽ സ്പിരിറ്റിന്റെ ബാക്കി കണ്ടെടുക്കുകയും ചെയ്തു. മനോജിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ മനോജിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മനോജിന്റെ കാഴ്ച്ചയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല.  ഇയാൾ മുൻ‌കൂർ ജാമ്യത്തിനും അപേക്ഷ നല്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് തങ്കപ്പൻ മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Top