ആള്‍ക്കൂട്ടം തല്ലിക്കൊന്ന മനുഷ്യന്‍ ജീവനോടെ തിരിച്ചെത്തി; ആപ്പിലായി വീട്ടുകാരും പോലീസും

കൃഷ്ണ മാഞ്ചിയെന്ന ആ മനുഷ്യന്‍ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ അങ്കലാപ്പിലായത് കുടുംബക്കാര്‍ മാത്രമല്ല പോലീസുകാര്‍ കൂടിയായിരുന്നു. കാരണം ഈ വര്‍ഷം ആഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്ത ആള്‍ക്കൂട്ട കൊലപാതകത്തില്‍ ഇദ്ദേഹം കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഒരു മൃതദേഹത്തിന് അന്ത്യയാത്ര നല്‍കിയ ശേഷമാണ് ഈ തിരിച്ചുവരവ് അരങ്ങേറിയത്. ഇതോടെ യഥാര്‍ത്ഥത്തില്‍ മരിച്ച വ്യക്തി ആരെന്ന അന്വേഷണത്തിലാണ് പോലീസ്.

ഭര്‍ത്താവിന്റെ മൃതദേഹം കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ഭാര്യ റുഡി ദേവി പറയുന്നത്. മൂന്ന് മാസം മുന്‍പ് നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ മരിച്ച വ്യക്തിയുടെ മൃതശരീരം ജീര്‍ണ്ണിച്ച നിലയിലായിരുന്നു. ഗ്രാമീണരാണ് വസ്ത്രങ്ങള്‍ കണ്ട് ഇത് കൃഷ്ണ മാഞ്ചിയാണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ച ഭര്‍ത്താവ് ജീവനോടെ മടങ്ങിയെത്തിയെന്ന് റുഡി ദേവി വ്യക്തമാക്കി.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി ആരോപിച്ചാണ് ആഗസ്റ്റ് 10ന് പാട്‌നയിലെ മഹ്മാതൂര്‍ ഗ്രാമത്തില്‍ ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നത്. മരിച്ചത് മാഞ്ചിയാണെന്ന് സ്ഥിരീകരിച്ചതോടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. ഏറെനാളായി മാഞ്ചിയെ കാണാനില്ലെന്ന് ഇവര്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൃഷ്ണ മാഞ്ചിയെന്ന് കരുതി ലഭിച്ച മൃതദേഹം ഇവര്‍ നല്ല രീതിയില്‍ സംസ്‌കരിച്ചു. എന്നാല്‍ മൂന്ന് മാസത്തിന് ശേഷമാണ് കുടുംബത്തെ ഞെട്ടിച്ചും, സന്തോഷിപ്പിച്ചും ഇദ്ദേഹം ജീവനോടെ തിരിച്ചെത്തിയത്. കൃഷ്ണ മാഞ്ചി തിരിച്ചെത്തിയ വിവരം പട്‌ന എസ്പി ഗരിമ മാലിക് സ്ഥിരീകരിച്ചു. ഇതോടെ യഥാര്‍ത്ഥത്തില്‍ ആരാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി എസ്പി അറിയിച്ചു.

Top