അന്താരാഷ്ട്ര പുരുഷ ദിനം ആചരിക്കുന്ന വേളയിലാണ് ഓണ്‍ലൈന്‍ ലോകത്ത് ഒരു സവിശേഷ വീഡിയോ പ്രചരിക്കുന്നത്. മകളെ മുലയൂട്ടുന്ന പിതാവിന്റെ ദൃശ്യങ്ങളാണ് ട്വിറ്റര്‍ ലോകത്തെ സന്തോഷിപ്പിച്ചും, കൈയടിപ്പിച്ചും മുന്നേറുന്നത്. നിങ്ങള്‍ വായിച്ചതില്‍ തെറ്റൊന്നും സംഭവിച്ചതല്ല, പിതാവ് തന്നെയാണ് മകളെ മുലയൂട്ടിയത്.
അതെങ്ങിനെ സംഭവിച്ചു എന്ന് ചിന്തിക്കുന്നതിന് മുന്‍പ് ഈ സംഭവത്തിന് പിന്നിലെ കഥ അറിഞ്ഞോളൂ. അമ്മ പുറത്തുപോയ സമയത്ത് കുഞ്ഞ് വിശന്ന് കരഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. മകളെ ആശ്വസിപ്പിക്കാന്‍ പിതാവ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. കുപ്പിയില്‍ നിന്ന് പാല് കൊടുത്ത് സമാധാനിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയമായി.
ഇതോടെ പിതാവ് തന്ത്രം പുറത്തെടുത്തു. പാല്‍കുപ്പി ടീഷര്‍ട്ടിന് അകത്ത് കടത്തി കുഞ്ഞിന് നല്കി. കുഞ്ഞ് കരച്ചില് നിര്‍ത്തി സസുഖം പാല് കുടിക്കാന്‍ തുടങ്ങുകയും ചെയ്തു. അമ്മ പുറത്തുപോയതിനാല്‍ കരച്ചില് നിര്‍ത്താന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് ഈ തന്ത്രമെന്ന് പിതാവ് പറയുന്നു. എന്തായാലും ഡാഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ഇദ്ദേഹത്തിന് നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം.
വീഡിയോ വമ്പന്‍ വൈറലായതോടെ നാല് മില്ല്യണ്‍ പേര് ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു. ഈ നൂതന സംരംഭത്തിന് എല്ലാ ആശംസകളും എന്നാണ് ചിലരുടെ പ്രശംസ.