മുഖം മറയ്ക്കാതെ പൊതുവിടത്തില്‍ തുമ്മി; യുവാവിന് ക്രൂര മര്‍ദ്ദനം

മുംബൈ: ലോകത്തെ വിഴുങ്ങി കൊറോണ വൈറസ് നിയന്ത്രണാധീതമായി പടരുമ്പോള്‍ കനത്ത ജാഗ്രതയാണ് എല്ലായിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ ഭീതിയുടെ നിഴലില്‍ കഴിയുമ്പോള്‍ പലരും മനുഷ്യബന്ധങ്ങളും മറന്ന് പോകുന്നുണ്ട്.

കഴിഞ്ഞ ദിവസം പൊതുവിടത്തില്‍ മുഖം മറയ്ക്കാതെ തുമ്മിയ ബൈക്ക് യാത്രികനായ യുവാവിനെ അതിക്രൂരമായിട്ടാണ് ഒരാള്‍ ആക്രമിച്ചത്.മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ഈ മനുഷ്യത്വരഹിതമായ പ്രവൃത്തി നടന്നത്.

യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ബൈക്ക് യാത്രക്കാരനായ ഒരാള്‍ യുവാവിനെ തടഞ്ഞ് നിര്‍ത്തുകയും മുഖം മറയ്ക്കാതെ തുമ്മിയതെന്തിനാണെന്ന് ചോദിക്കുകയും ചെയ്തു. ഇത് വാക്കുതര്‍ക്കത്തിന് കാരണമാകുകയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്.

സംഭവത്തില്‍ ഇതുവരേയും പരാതികളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം മഹാരാഷ്ട്രയില്‍ ഇതുവരെ 49 കൊവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗം ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

കൊറോണ മൂലം ആഗോളതലത്തില്‍ ഇതുവരെ മരണം പതിനായിരത്തേക്ക് അടുത്തു. 176 രാജ്യങ്ങളിലായി 9818 പേര്‍ ഇതുവരെ മരണപ്പെട്ടു. 236,703 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 88,000ത്തോളം പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

Top