ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; വെട്ടേറ്റ മക്കള്‍ ഗുരുതരാവസ്ഥയില്‍

murder

വഡോദര: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കോടാലികൊണ്ടു വെട്ടിക്കൊന്നു. രണ്ട് ആണ്‍മക്കളെയും വെട്ടിയശേഷം പ്രതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതായി പൊലീസ് അറിയിച്ചു. ഗുജറാത്തിലെ വഡോദര സ്വദേശി ബല്‍വന്ദ് റായ്പാല്‍ സിങ് സിന്ധ(35)എന്നയാളാണു ഭാര്യയെയും മക്കളെയും ക്രൂരമായി ആക്രമിച്ചത്.

ഗുരുതരമായി പരുക്കേറ്റ ബല്‍വന്ദ് റായ്പാല്‍ സിങ്ങിന്റെ ഭാര്യയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടികളെ സര്‍ സയാജിറാവു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.അച്ഛന്‍ അമ്മയെ കോടാലികൊണ്ടു വെട്ടുന്നതു കണ്ട് രക്ഷിക്കാന്‍ ചെന്നപ്പോഴാണു മക്കള്‍ക്കും പരുക്കേറ്റത്.

സംഭവശേഷം കര്‍ജന്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ട്രാക്കില്‍നിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫോണിലെ സിം കാര്‍ഡ്, ടാറ്റൂ, ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് ഉപയോഗിച്ച സൈക്കിള്‍ എന്നിവ പരിശോധിച്ചാണു മൃതദേഹം ബല്‍വന്ദിന്റേതാണെന്ന് പൊലീസ് ഉറപ്പിച്ചത്. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുന്നതു സ്ഥിരം സംഭവമായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.

Top