ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; എംഡിഎംഎയുമായി എത്തിയയാളെ അറസ്റ്റു ചെയ്തു

കോഴിക്കോട്: ന്യൂജന്‍ മയക്കുമരുന്നുമായി കോഴിക്കോട് നഗരത്തില്‍ ഒരാളെ എക്‌സൈസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി താലൂക്കില്‍ പരപ്പനങ്ങാടി അംശം ദേശത്ത് കോണിയത്ത് വീട്ടില്‍ ഷാനവാസ്.കെ (49) എന്നയാളെയാണ് എക്‌സൈസ് സംഘം മാരക മയക്കുമരുന്നായി എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സി. ശരത് ബാബുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി മാവൂര്‍ റോഡ് അരയിടത്തുപാലം ഓവറിന് സമീത്ത് വെച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇയാളെ പിടികൂടിയത്.

ഷാനവാസില്‍ നിന്നും 4.10 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ എക്‌സൈസ് വലയിലാക്കിയത്. ബെംഗളൂരുവില്‍ നിന്നും എം.ഡി.എം.എ. വാങ്ങി ചില്ലറ വില്‍പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് ചോദ്യം ചെയ്യലില്‍ എക്‌സൈസ് കണ്ടെത്തി. കോഴിക്കോട് നഗരത്തിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മുറിയെടുത്ത് ചില്ലറ വില്പന നടത്തി വരുകയായിരുന്നു ഷാനവാസെന്നും എക്‌സൈസ് പറയുന്നു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് അരലക്ഷത്തോളം രൂപ വരും. പ്രതിയെ കോഴിക്കോട് ജെ.എഫ്.സി.എം (3) കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. എന്‍.ഡി.പി.എസ്. മീഡിയം ക്വാണ്ടിറ്റി ഗണത്തില്‍ പെടുന്ന 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എക്‌സൈസ് പരിശോധനയില്‍ കോഴിക്കോട് പ്രിവന്റീവ് ഓഫീസര്‍ അനില്‍ദത്ത് കുമാര്‍, എം. സജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റിഷിത്ത് കുമാര്‍ ടി.വി, യോഗേഷ് ചന്ദ്ര എന്‍.കെ, ദിലീപ് കുമാര്‍.ഡി.എസ്. ഷാജു സി പി. സതീഷ് പി.കെ. റെജീന്‍.എം.ഒ, എസ് ഡ്രൈവര്‍ ബിബിനീഷ് എന്നിവരും പങ്കെടുത്തു.

Top