മുക്കത്ത് അരക്കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: മുക്കത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന അരക്കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കൊണ്ടോട്ടികാക്ക എന്നറിയപ്പെടുന്ന അരിക്കോട് മൂര്‍ക്കനാട് സ്വദേശി ചെമ്പന്‍തൊടിക മുഹമ്മദാലിയെ(64) ആണ് മുക്കം പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചു നാളുകളായി വന്‍തോതില്‍ കഞ്ചാവ് ശേഖരിച്ച് മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, ഓമശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ആവശ്യക്കാര്‍ക്ക് ചില്ലറ വില്‍പ്പന നടത്തിവരികയായിരുന്ന ഇയാളെ താമരശേരി ഡിവൈ.എസ്.പി യുടെ നിര്‍ദേശപ്രകാരം ഓപ്പറേഷന്‍ ഗഞ്ച ഹണ്ടിന്റെ ഭാഗമായി നിരീക്ഷിച്ചു വരികയായിരുന്നു.

ഇന്ന് രാവിലെ മുക്കം ഇന്‍സ്‌പെക്ടര്‍ കെ.പി അഭിലാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുക്കത്തും പരിസരങ്ങളിലും പ്രത്യേക അന്വേഷണ സംഘം നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് മുക്കം വെന്റ് പൈപ്പ് പാലത്തിന് സമീപത്ത് വെച്ച് ഇയാള്‍ പിടിയിലായത്. കൊവിഡ് ഭീതികാരണം പലസ്ഥലങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളായതിനാല്‍ മദ്യ ലഭ്യത കുറഞ്ഞതോടെയാണ് കഞ്ചാവിന് ആവശ്യക്കാരേറിയത്.

ഓണം പ്രമാണിച്ച് ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിനായി കോഴിക്കോട് റൂറല്‍ ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് തിരിച്ചില്‍ നടത്തി വരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. മൂന്നു വര്‍ഷം മുമ്പ് ഇയാളെ കഞ്ചാവുമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ വെച്ചു പിടികൂടിയിരുന്നു.

 

Top