ഇംഗ്ലണ്ടിലെ ഗുരുദ്വാര ആക്രമണം; പാക്ക് പൗരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലെ ഡെര്‍ബിയില്‍ സിഖ് ആരാധനാലയമായ ഗുരുദ്വാര ആക്രമിക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത കുറ്റത്തിന് പാകിസ്ഥാന്‍ പൗരനെ അറസ്റ്റ് ചെയ്തു.ഡെര്‍ബിയിലെ ഗുരു അര്‍ജാന്‍ ദേവ് ജി ഗുരുദ്വാരയാണ് തിങ്കളാഴ്ച രാവിലെ എട്ടരയോടെ നശിപ്പിക്കപ്പെട്ടത്.

അക്രമകാരിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.പ്രതിസന്ധിയിലകപ്പെട്ട് കിടക്കുന്ന കാശ്മീരി ജനങ്ങളെ പിന്തുണയ്ക്കാന്‍ ശ്രമിക്കുക എന്നെഴുതിയ കുറിപ്പും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചു. ഒപ്പം ഒരു ഫോണ്‍നമ്പറും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇയാള്‍ക്ക് വിധ്വംസകസംഘടനകളുമായുള്ള ബന്ധവും പോലീസ് തള്ളിക്കളയുന്നില്ല.. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രാര്‍ത്ഥന നടത്തുന്ന സമയത്താണ് ആക്രമണം നടത്തിയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഗുരുദ്വാരയില്‍ ആരും ഉണ്ടായിരുന്നില്ല. ഇയാള്‍ ഗുരുദ്വാരയുടെ ജനാലകള്‍ തകര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മറ്റ് സിഖ് സംഘടനകളും ആക്രമണത്തെ അപലപിച്ചു.വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ഗുരുദ്വാര നശിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തതായും ലോകം മുമ്പൊരിക്കലും കടന്നുപോകാത്ത ദുരിതത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തെ അതിജീവിക്കണമെങ്കില്‍ മനുഷ്യത്വം നിലനില്‍ക്കണമെന്നും അസഹിഷ്ണുതയും വിദ്വേഷവും ഇല്ലാതാകണമെന്നും അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.

Top