ഫോണ്‍ വഴി ആവശ്യക്കാരെ കണ്ടെത്തി ചാരായ വില്‍പ്പന; പ്രതി പിടിയില്‍

കൊരട്ടി: ചാരായമുണ്ടാക്കി മൊബൈല്‍ ഫോണ്‍ വഴി ആവശ്യക്കാരെ കണ്ടെത്തി വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍. മേലൂര്‍ നടുത്തുരുത്ത് സ്വദേശി കളത്തില്‍ വീട്ടില്‍ അസീസി ആന്റണി (34) ആണ് പിടിയിലായത്.

തൃശൂര്‍ കൊരട്ടിയില്‍ നടുത്തുരുത്ത് കേന്ദ്രീകരിച്ച് വാറ്റും വില്പനയും നടക്കുന്നതായി രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു ലിറ്റര്‍ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.

മഫ്തിയില്‍ പൊലീസ് വരുന്നത് കണ്ട് പ്രതി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണിലേക്ക് മദ്യം ആവശ്യപ്പെട്ട് നിരവധി കോളുകളാണ് എത്തിയത്.

50 ലിറ്ററോളം ചാരായം ഫോണ്‍ വഴി ആവശ്യപ്പെട്ടവര്‍ക്ക് വീട്ടില്‍ എത്തിച്ച് വില്പന നടത്തിയതായി പ്രതി പറഞ്ഞു. പ്രതിയുടെ വീടിനു മുന്നിലെ അംഗനവാടി കെട്ടിടത്തിന് മുകളില്‍ ഒളിപ്പിച്ച വാറ്റ് ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.

Top