പീഡന പരാതി നല്‍കാന്‍ യുവതിയെ സഹായിച്ച യുവാവ് പീഡനക്കേസില്‍ റിമാന്‍ഡില്‍

പയ്യോളി: രണ്ട് യുവാക്കള്‍ പീഡിപ്പിച്ചതായി പരാതി നല്‍കാന്‍ യുവതിയെ സഹായിച്ചയാള്‍ അതേ യുവതിയുടെ പരാതിയില്‍ പീഡനത്തിന് റിമാന്‍ഡില്‍.കുന്നുംപുറത്ത് മുഹമ്മദിനെ (37) ആണ് പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തത്.

പള്ളിക്കരയിലെ 35 വയസ്സുള്ള വീട്ടമ്മയുടെ പരാതിയിലാണ് പയ്യോളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരുടെ ഭര്‍ത്താവ് ഏഴുവര്‍ഷമായി ഗള്‍ഫിലാണ്. വീട് നിര്‍മാണത്തിന് ഭര്‍ത്താവ് ചുമതലപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ ബന്ധുവായ മുഹമ്മദിനെ. വീട് പണിക്ക് വന്ന് രണ്ടുപേര്‍ തന്നെ പീഡിപ്പിച്ചതായും സ്വര്‍ണം കവര്‍ന്നതായും യുവതി കഴിഞ്ഞമാസം 21-ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കീഴരിയൂര്‍ തൂങ്കുഴിയില്‍ അന്‍സാറിനെ (27) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.

മറ്റൊരു പ്രതിയായ വയനാട് സ്വദേശി യൂനസ് ഒളിവിലാണ്. ഈ സംഭവത്തില്‍ യുവതിയെക്കൊണ്ട് പരാതികൊടുപ്പിക്കാനും മറ്റും അവര്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത് മുഹമ്മദായിരുന്നു. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് തന്നെ പീഡിപ്പിച്ചെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയത്. മുഹമ്മദ് പലതവണ പീഡിപ്പിച്ചെന്നും പുറത്ത് പറയരുതെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

Top