പൂനെയില്‍ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കി; റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

arrest

പൂനെ: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ റെയില്‍വേ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പൂനെയിലെ ലോണോവാലയില്‍ താമസിക്കുന്നവര്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്ത്യന്‍ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്.

ഇന്ത്യന്‍ റെയില്‍വേയില്‍ ജൂനിയര്‍ ടിക്കറ്റ് കളക്ടര്‍ ആയി ജോലി ചെയ്യുന്ന ഉപേന്ദ്രകുമാര്‍ ശ്രീവീര്‍ ബഹദൂര്‍ സിംഗ് (39) എന്നയാളെയാണ് പിടികൂടിയത്. ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്ക്യമാണ് ബഹദൂര്‍ സിംഗ് മുഴക്കിയത്. ഉടന്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നുവെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 18 വരെ കസ്റ്റഡിയില്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.

കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 ഓളം സൈനീകരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പുറകേ പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാളെ പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തില്‍ സര്‍വ്വകക്ഷി യോഗം കൂടും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാകും യോഗം ചേരുന്നത്.

Top