ഭാര്യ വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവായ പൊലീസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം ; യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പുന്നക്കാട് പുതുവല്‍ പുത്തന്‍വീട്ടില്‍ സുരേഷ്‌കുമാറിനെയാണ് ഭാര്യ അഞ്ജു(25)വിന്റെ മരണത്തില്‍ അറസ്റ്റു ചെയ്തത്.

മരണത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവിനെ അറസ്റ്റു ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളിലാണ് കേസെടുത്തിട്ടുള്ളത്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നെയ്യാറ്റിന്‍കര സിഐ ജെ.പ്രദീപ് ഇന്‍ക്വസ്റ്റ് തയാറാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്. ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ നേരത്തെ മുതല്‍ തര്‍ക്കം നിലനിന്നിരുന്നതായി അഞ്ജുവിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അഞ്ജുവിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നും മൂന്ന് മണിക്കൂറിന് ശേഷമാണ് മറ്റുളളവരെ വിവരമറിയിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

അഞ്ജു തൂങ്ങിമരിച്ചുവെന്നാണ് സുരേഷിന്റെ കുടുംബം പറഞ്ഞിരുന്നത്. എന്നാല്‍, മറ്റുളളവര്‍ വീട്ടിലെത്തുമ്പോള്‍ കട്ടിലില്‍ ആയിരുന്നു മൃതദേഹം. ഇതും ദുരൂഹമാണെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്റെ ആരോപിച്ചിരുന്നു. യുവതിയുടെ ശരീരത്തില്‍ അടിയുടെ പാടുകളും കണ്ടെത്തിയിരുന്നു.

Top