ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിര്‍ത്ത ഒരാള്‍ അറസ്റ്റില്‍

മീററ്റ്: എ.ഐ.എം.ഐ.എം നേതാവും പാര്‍ലമെന്റ് അംഗവുമായ അസദുദ്ദീന്‍ ഉവൈസിയുടെ കാറിന് നേരെ വെടിവെച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കസ്റ്റഡിയിലെടുത്ത ആളെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാളില്‍ നിന്ന് തോക്ക് പിടിച്ചെടുത്തതായും ഹാപൂര്‍ എസ്.പി ദീപക് ഭുകേര്‍ പറഞ്ഞു.

മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഉവൈസി തെരഞ്ഞെടുപ്പ് കമ്മീഷനോടും യു.പി സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയെ കണ്ട് അന്വേഷണം ആവശ്യപ്പെടുമെന്നും ഉവൈസി എ.എന്‍.ഐയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.പിയിലെത്തിയ ഉവൈസി മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

തന്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവെച്ചെന്നും വാഹനത്തിന്റെ ടയര്‍ പഞ്ചറായെന്നും ഉവൈസി എ.എന്‍.ഐയോട് പറഞ്ഞു. പിന്നീട് മറ്റൊരു വാഹനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചത്.

Top