സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പ്രതിയെ തന്ത്ര പൂര്‍വം കുടുക്കി പൊലീസ്

arrest

തൃത്താല: സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.
മന്ത്രവാദത്തിന്റെയും വസ്ത്രവ്യാപാരത്തിന്റെയും മറവില്‍ സ്ത്രീകളില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളി പാലക്കാവളപ്പില്‍ എഥീന്റെ മകന്‍ ഷിഹാബുദ്ദീന്‍ (36) ആണ് അറസ്റ്റിലായത്.

ഷിഹാബുദ്ദീന്‍ പല സ്ത്രീകളില്‍ നിന്നായി ഇതുവരെ 500 പവനിലേറെ ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച രാത്രിയില്‍ പറക്കുളം ഭാഗത്തു നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.ചാവക്കാട് ഉസ്താദ് ആണെന്നു പറഞ്ഞ് സ്ത്രീകളെ വിശ്വസിപ്പിച്ച് കഷ്ടപ്പാടുകള്‍ പരിഹരിക്കാന്‍ സ്വര്‍ണത്തില്‍ പൂജനടത്താമെന്നറിയിച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നതെന്ന് പോലീസ് പറഞ്ഞു.ഭര്‍ത്താക്കന്മാര്‍ വിദേശത്തുള്ള സ്ത്രീകളാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും. വസ്ത്രവ്യാപാരിയുടെ രൂപത്തില്‍ സ്ത്രീകളുള്ള വീടുകളിലെത്തി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നതും രീതിയാണ്.

സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയും മന്ത്രവാദങ്ങളിലൂടെയും പൂജകളിലൂടെയും പരിഹാരമുണ്ടാക്കാമെന്ന് വിശ്വസിപ്പിക്കയും ചെയ്യും. തുടര്‍ന്ന് സ്വര്‍ണം ഉപയോഗിച്ചാണ് പൂജയെന്നു പറഞ്ഞ് തന്ത്രപൂര്‍വം ആഭരണം കൈക്കലാക്കി സ്ഥലംവിടും.2016മുതല്‍ തട്ടിപ്പ് ആരംഭിച്ചിരുന്നു.

തൃത്താലയില്‍നിന്നും മലപ്പുറം ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നുമായി 500 പവന്‍ സ്വര്‍ണമാണ് ഇത്തരത്തില്‍ കൈക്കലാക്കിയതെന്ന് പൊലീസിനോട് പറഞ്ഞു. തിരൂര്‍ സ്റ്റേഷനില്‍ 18 കേസും കല്‍പ്പകഞ്ചേരിയില്‍ മൂന്ന് കേസുമുണ്ട്. തൃത്താല പൊാലീസില്‍ അഞ്ചും പൊന്നാനി, പട്ടാമ്പി സ്റ്റേഷനുകളില്‍ ഒരോപരാതിവീതവും ഉണ്ട്.പരാതിക്കാരിയെ ഉപയോഗിച്ച് ഒത്തുതീര്‍പ്പിനെന്നപേരില്‍ വിളിച്ചുവരുത്തിയാണ് തൃത്താലപോലീസ് പിടികൂടിയത്.

മുമ്പ് തൃത്താല ഗവ. കോളേജിന്റെ മുന്‍വശത്തും വസ്ത്രവ്യാപാരം നടത്തിയിരുന്നു.എടപ്പാള്‍, കൂറ്റനാട് ഭാഗത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലാണ് തട്ടിപ്പിലൂടെ നേടിയ ഭൂരിഭാഗം ആഭരണങ്ങളും പണയംെവച്ചിരുന്നത്.തൃത്താല എസ്.ഐ. വിപിന്‍ കെ. വേണുഗോപാല്‍, സി.പി.ഒ.മാരായ സമീര്‍ അലി, ബിജു, റിലേഷ് ബാബു, ധര്‍മേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top