രക്തസാമ്പിള്‍ ഫലം; പെരുമ്പാവൂര്‍ സ്വദേശിക്ക് കൊറോണയല്ല, എച്ച് വണ്‍ എന്‍ വണ്‍

കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിക്ക് കൊറോണ രോഗബാധയല്ലെന്ന് സ്ഥിരീകരിച്ചു.രോഗിയുടെ രക്തസാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് കൊറോണയല്ലെന്നും എച്ച് വണ്‍ എന്‍ വണ്‍ ആണെന്നുമാണ് സ്ഥിരീകരിച്ചത്.

ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും വൈറസ് ബാധയ്‌ക്കെതിരെ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണമാണ് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 288 പേരാണ് രോഗബാധിത പ്രദേശത്തു നിന്ന് സംസ്ഥാനത്തേക്ക് എത്തിയത്. ഇതില്‍ 281 പേര്‍ വീടുകളിലും ഏഴു പേര്‍ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കൊച്ചിയില്‍ എത്തിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ പുതിയ കണക്കുകള്‍ പ്രകാരം കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. 72 പേരാണ് കോഴിക്കോട് ചികിത്സയിലുള്ളത്.എറണാകുളത്ത് 54 പേരാണ് നിരീക്ഷണത്തില്‍. ഇതില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂരില്‍ ചൈനയില്‍ നിന്നും മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 12 പേരെയാണ് നിരീക്ഷിക്കുന്നത്. ഇവരെ 28 ദിവസത്തേക്കായിരിക്കും നിരീക്ഷിക്കുക. മലപ്പുറത്ത് ഒരാള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ് കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാളെ നിരീക്ഷിക്കുന്നത്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി പ്രത്യേക പട്ടിക ആരോഗ്യവകുപ്പ് ജില്ലകളില്‍ തയറാക്കുകയാണ്. വിവരങ്ങള്‍ രേഖപ്പെടുത്തി ഇടപെടല്‍ എളുപ്പമാക്കുന്നതിനാണിത്. ഇത്തരത്തില്‍ മടങ്ങിയെത്തുന്നവര്‍ പൊതു ഇടങ്ങളില്‍ പോകാനോ ഇടപഴകാനോ പാടില്ലെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 28 ദിവസത്തേക്കാണ് ഇവരെ നിരീക്ഷിക്കുക.

Top