മതവിശ്വാസം വികാരത്തിന് അടിമപ്പെടുന്നത് അപകടമാണെന്ന് നടന്‍ മാമുക്കോയ

നിലമ്പൂര്‍: മതവിശ്വാസം വികാരത്തിന് അടിമപ്പെടുന്നത് അപകടമാണെന്ന് നടന്‍ മാമുക്കോയ. മതവിശ്വാസത്തിനനുസരിച്ച് ജീവിക്കുമ്പോഴും ഇതരമതങ്ങളെയും അഗീകരിക്കണമെന്നും മാമുക്കോയ പറഞ്ഞു.

പതിമൂന്നാമത് നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് തുടക്കംകുറിച്ച് നിലമ്പൂര്‍ ബാലന്‍നാടകോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മതവികാരം ഇളക്കിവിടുന്നത് രാഷ്ട്രീയ അടവാണ്. നമ്മുടെ കുട്ടികളെയെങ്കിലും പരസ്പരസ്‌നേഹത്തോടെ ജീവിക്കാന്‍ പഠിപ്പിക്കണം. ഓരോരുത്തരും ജനിക്കുന്ന സമുദായത്തിനനുസരിച്ചുള്ള മതമാണ് വിശ്വസിക്കുന്നത്. പ്രസവമുറിയിലെ നഴ്‌സിന് കൈയ്യബദ്ധം വന്നാല്‍ തീരാവുന്ന മതവിശ്വാസമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന സിനിമയിലൂടെ നടനായ അനുഭവങ്ങളും മാമുക്കോയ പങ്കുവെച്ചു. പാട്ടുത്സവ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു.

നിലമ്പൂര്‍ ബാലന്റെ ഭാര്യ വിജയലക്ഷ്മി മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, വൈസ് ചെയര്‍മാന്‍ പി.വി ഹംസ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാലോളി മെഹബൂബ്, കൗണ്‍സിലര്‍മാരായ ഗിരീഷ് മോളൂര്‍മഠത്തില്‍, മുജീബ് ദേവശേരി, പാട്ടുത്സവ് കണ്‍വീനര്‍ യു. നരേന്ദ്രന്‍, പി.വി സനില്‍കുമാര്‍, ഷൗക്കത്തലി കോയാസ്, അനില്‍ റോസ്, സി.കെ മുഹമ്മദ് ഇഖ്ബാല്‍, വിനോദ് പി. മേനോന്‍, ഷാജി പ്രസംഗിച്ചു.

തുടര്‍ന്ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി’ അരങ്ങേറി. ആദ്യത്തെ നാടക, സിനിമാ നടി എറണാകുളം പള്ളുരുത്തിയിലെ ലക്ഷ്മിയുടെ ജീവിതത്തിലൂടെ മലയാള നാടക ചരിത്രം പറയുന്ന നാടകമായിരുന്നു. ലക്ഷ്മിയുടെ വേഷം അഭിനയിച്ച മീനാക്ഷിക്ക് മികച്ച നടിക്കുള്ള സംസ്ഥാന നാടക അവാര്‍ഡും ലഭിച്ചിരുന്നു. നാടകോത്സവത്തില്‍ നാളെ വൈകുന്നേരം ഏഴിന് കെ.പി.എ.സിയുടെ നാടകമായ ‘മഹാകവി കാളിദാസന്‍’ അരങ്ങേറും.

Top