സൈക്കളോജിക്കല്‍ ത്രില്ലര്‍ ചിത്രവുമായി മംമ്ത; ലാല്‍ബാഗിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മംമ്ത മോഹന്‍ദാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ലാല്‍ബാഗിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രം സൈക്കളോജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ഒരുക്കുന്നത്. സംവിധായകന്‍ പ്രശാന്ത് മുരളി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

ചിത്രത്തില്‍ സാറ എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. സിജോയ് വര്‍ഗീസ്, നന്ദിനി റോയ്, രാഹുല്‍ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട്, നോഹ സാക്‌സേന തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൂര്‍ണമായും ബാംഗ്ലൂരിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. വെബ്‌സീരിസ് ഗണത്തില്‍ പെടുത്താവുന്ന ചിത്രം സെലിബ്‌സ് ആന്റ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് നിര്‍മ്മിക്കുന്നത്. ഭദ്രന്‍ സംവിധാനം ചെയ്യുന്ന ജൂതന്‍, ടൊവീനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ഫോറന്‍സിക് തുടങ്ങിയവയാണ് മംമ്തയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍.

Top