തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്ന വ്യക്തിയെ പരിചയപ്പെടുത്തി മംമ്ത

‘അതൊരു പ്രത്യേക വികാരമായിരുന്നു, ചിലത് വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കാന്‍ കഴിയില്ല’, ആരാധകരുടെ പ്രിയ താരം മംമ്ത ഫെയ്‌സ്ബുക്കില്‍ കുറിച്ച വാചകമാണിത്. അര്‍ബുദമെന്ന മഹാവ്യാധിയോട് ഒരിക്കല്‍പ്പോലും തളരാതെ പോരാടാന്‍ തനിക്ക് ആത്മവിശ്വാസം പകര്‍ന്ന തന്റെ ആരാധികയെ പരിചയപ്പെടുത്തി കൊണ്ടാണ് താരം എത്തിയിരിക്കുന്നത്.

‘ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍’ എന്ന് അക്ഷരം തെറ്റാതെ വിളിക്കാനാവുന്ന താരത്തിന്റെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്.

മംമ്തയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഏഴു വര്‍ഷം മുന്‍പ് ഈ അമ്മയാണ് അമേരിക്കയില്‍ ഗവേഷകനായ തന്റെ മകനോട് എന്നെ ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നത്. അവരുടെ പ്രിയപ്പെട്ട താരത്തിന്റെ ആരോഗ്യ വിവരം അന്വേഷിക്കാന്‍ കൂടിയായിരുന്നു ആ നിര്‍ദേശം. ഞാനിന്ന് ജീവനോടെ ഇരിക്കുന്നതിന് ഒരു കാരണം ഈ അമ്മയുടെ സ്‌നേഹമല്ലേ? ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം നീല്‍ ശങ്കര്‍ സ്വന്തം അമ്മയെ എന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. നീല്‍ ശങ്കറിനെക്കുറിച്ച് ഞാന്‍ പല മാസികകളില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ എന്റെ പല അഭിമുഖങ്ങളിലും പ്രതിപാദിച്ചിട്ടുമുണ്ട്. അതൊരു പ്രത്യേക വികാരമായിരുന്നു. ചിലത് വാക്കുകള്‍ കൊണ്ടു പ്രകടിപ്പിക്കാന്‍ കഴിയില്ല. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ല. ഏറ്റവും ഭ്രാന്തമായ പുഞ്ചിരിയും കണ്ണീരുമായിരുന്നു അത്. രണ്ടും ഒരുമിച്ചെത്തിയ നിമിഷം! കടപ്പാടിന്റെ കൊടുമുടിയിലേറിയ നിമിഷങ്ങള്‍. നന്ദി അമ്മേ!

Top