ഭരണഘടനാ സംവിധാനങ്ങള്‍ ഇല്ലാതായി, മമതയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്ന് ബിജെപി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഭരണഘടനാ സംവിധാനങ്ങള്‍ പൂര്‍ണമായും ഇല്ലാതായെന്നും മുഖ്യമന്ത്രി മമത ബാനര്‍ജിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നും ബിജെപി. തൃണമൂല്‍ പ്രവര്‍ത്തകരെ മമത പ്രകോപിതരാക്കി ബിജെപിക്കെതിരെ ഇളക്കിവിടുകയാണെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

മമതയുടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ പ്രതികാരം ചെയ്യാനും അക്രമം നടത്താനും ശ്രമിക്കുന്നു. സംസ്ഥാനത്തെ ഭരണം തൃണമൂല്‍ ഗുണ്ടകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഷായുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രം ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ബംഗാളില്‍ അമിത്ഷായുടെ റാലിക്കെതിരെ നടന്നത് ഗുണ്ടാ ആക്രമണമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിംഗ് ചൗഹാനും പറഞ്ഞിരുന്നു. ജനാധിപത്യത്തെ മമതാ ബാനര്‍ജി അക്രമാധിപത്യമാക്കിയെന്നും ചൗഹാന്‍ പറഞ്ഞു.

താന്‍ കരുതിയത് മമതാ ബാനര്‍ജി ശക്തയായ നേതാവാണെന്നാണ്. എന്നാല്‍ പരാജയഭീതിയില്‍ അവര്‍ ഗുണ്ടകളെ ഇറക്കി ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മമതയെ നയിക്കുന്നത് ഭയം മാത്രമാണെന്നും കാല്‍ ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നത് മമത തിരിച്ചറിയുന്നില്ലെന്നും ശിവരാജ് സിംഗ് ചൗഹാന്‍ വ്യക്തമാക്കി. ബംഗാളില്‍ ജനാധിപത്യം അപകടത്തിലായെന്ന് അമിത് ഷായും ആരോപിച്ചു.

കൊല്‍ക്കത്തയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ തൃണമൂല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. അമിത് ഷായുടെ വാഹനത്തിനു നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

കൊല്‍ക്കത്തയില്‍ റാലി നടത്തുന്നതിനിടെ അമിത് ഷായുടെ വാഹനത്തിനു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലുകളും വടികളും എറിഞ്ഞതാണ് സംഘര്‍ഷത്തിനു തുടക്കം. തുടര്‍ന്ന് ബി.ജെ.പി തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി.

Top