അസം ദേശീയ പൗരത്വ രജിസ്റ്റര്‍ ; അന്തിമ കരട് പട്ടികയ്‌ക്കെതിരെ ആഞ്ഞടിച്ച് മമതാ

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ അന്തിമ കരട് പട്ടികയ്‌ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ആധാര്‍ കാര്‍ഡും പാസ്‌പോര്‍ട്ടും അടക്കമുണ്ടെങ്കിലും ഇപ്പോഴും പലരുടേയും പേര് കരടു പട്ടികയിലില്ല. ആളുകളെ അവരുടെ കുടുംബ പേരിന്റെ അടിസ്ഥാനത്തിലും കൂടിയാണ് ഒഴിവാക്കിയത്. നിര്‍ബന്ധിത കുടിയിറക്കലിനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മമത ചോദിച്ചു.

ജനങ്ങള്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി മാറുന്നത് ആശങ്കപ്പെടുത്തുന്നതായും മമത പറഞ്ഞു. ഗെയിം പ്ലാനിലൂടെ ജനങ്ങള്‍ ഒറ്റപ്പെടുകയാണ്. ബംഗാളി സംസാരിക്കുന്നവരേയും ബിഹാറികളേയും പുറത്താക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ആത്യന്തികമായി പശ്ചിമ ബംഗാളാണ് ഇക്കാര്യത്തില്‍ സഹിക്കേണ്ടി വരിക. ബി.ജെ.പിയുടെ വോട്ട് രാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഭേദഗതി വരുത്തണമെന്ന് മമത ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ഇന്ന് പുറത്തിറങ്ങിയ കരട് പട്ടികയില്‍ നിന്നും 40 ലക്ഷം പേരാണ് പുറത്തായിട്ടുള്ളത്. നാഷണല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍ പുറത്തിറക്കിയ പട്ടികയില്‍ അസമില്‍ ആകെയുള്ള 3.29 കോടി ജനങ്ങളില്‍ 2.89,83,677 ജനങ്ങള്‍ പൗരത്വം തെളിയിച്ചു.

പൗരത്വ പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ക്കു വേണ്ടി കേന്ദ്രം ഏതെങ്കിലും വിധത്തിലുള്ള പുനരധിവാസ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടോയെന്നും മമത കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

Top