സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘ഉണ്ട’ സ്‌റ്റൈല്‍ ഹെയര്‍ കട്ടിംഗ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഉണ്ട. മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രം ഇതിനോടകം തന്നെ പ്രേഷക ഹൃദയം കീഴടക്കി കഴിഞ്ഞു. ഇപ്പോഴിതാ ഉണ്ട സ്‌റ്റൈല്‍ ഹെയര്‍ കട്ടിംഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറിയിരിക്കുകയാണ്. ഒരു മമ്മൂക്ക ആരാധകനാണ് ‘മമ്മൂക്ക, ഉണ്ട’ എന്നീവാക്കുകള്‍ ഹെയര്‍ സ്‌റ്റൈലില്‍ ഉള്‍പ്പെടുത്തിയത്.

ടിക് ടോക്കിലാണ് ഹെയര്‍ കട്ടിംഗിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ക്രൂ കട്ടിനോടു സാമ്യമുള്ള ഹെയര്‍ സ്‌റ്റൈലില്‍ തലയുടെ പുറകുവശത്തായാണ് മമ്മൂക്ക എന്നും ഉണ്ടയെന്നും എഴുതിയിട്ടുണ്ട്. ഉണ്ട സ്‌റ്റൈല്‍ ഹെയര്‍ കട്ടിംഗിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് യുവാവിന് പിന്തുണയുമായി രംഗത്തെത്തിയത്. അതേസമയം യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിക്കുന്നവരും കുറവല്ല.

ചിത്രത്തില്‍ ‘ഇന്‍പെക്ടര്‍ മണിസാര്‍’ എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. കേരളത്തില്‍ നിന്ന് ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ നക്സലേറ്റുകളുടെ കേന്ദ്രമായ നോര്‍ത്ത് ഇന്ത്യയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് വേണ്ടി വരുകയും പിന്നീട് അരങ്ങേറുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍, ജേക്കബ് ഗ്രിഗറി, റോണി, രഞ്ജിത്ത്, ഭഗവന്‍ തിവാരി, ഓംകാര്‍ ദാസ് മണിപ്പൂരി, അഭിരാം തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും ഈ ചിത്രത്തില്‍ ചെറിയ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

മൂവി മില്‍സിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍, ജമിനി സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പ്രശാന്ത് പിള്ളയുടെ സംഗീതവും സജിത്ത് പുരുഷന്റെ ദൃശ്യങ്ങളും മികച്ചു നില്‍ക്കുന്നു. നിഷാദ് യൂസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നതു.

mamootty movie unda style hair cutting trending social media

Top