ഗ്യാങ്സ്റ്ററിന്റെ രണ്ടാംഭാഗവുമായി ആഷിഖ് അബു; തിരക്കഥ ശ്യാം പുഷ്‌കരന്‍

മ്മൂട്ടി നായകനായി 2014 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു ഗ്യാങ്സ്റ്റര്‍. എന്നാല്‍ ബോക്‌സോഫീസില്‍ ചിത്രത്തിന് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. അഹമ്മദ് സിദ്ദിഖും അഭിലാഷ് എസ് കുമാറും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആഷിഖ് അബുവാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു അഭിമുഖത്തില്‍ ആഷിഖ് അബു തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനുമാണ് ഗ്യാങ്സ്റ്ററിന് ഒരു രണ്ടാംഭാഗം ഒരുക്കണമെന്ന് തന്നോട് പറഞ്ഞതെന്നും കൂടുതല്‍ മികച്ച തിരക്കഥയുമായാവും രണ്ടാംഭാഗം എത്തുകയെന്നും ആഷിക് പറയുന്നു.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്‌കരനാണെന്നാണ് ആഷിഖ് പറഞ്ഞത്. ഗ്യാങ്സ്റ്ററിന്റെ രണ്ടാഭാഗത്തില്‍ മമ്മൂട്ടി തന്നെ ആയിരിക്കുമോ നായകന്‍ എന്നതിനെ കുറിച്ച് ആഷിഖ് അബു ഒന്നും പറഞ്ഞില്ല.

നിപ്പ പ്രതിരോധം പ്രമേയമാക്കിയ വൈറസ് ആണ് ആഷിക് അബുവിന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചിത്രം. റിമ കല്ലിങ്കല്‍, പാര്‍വ്വതി, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, കലാഭവന്‍ ഷാജോണ്‍, ആസിഫ് അലി, പൂര്‍ണിമ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം നിരൂപകശ്രദ്ധ നേടിയിരുന്നു.

Top