മാമാങ്കത്തിനെതിരായ വ്യാജപ്രചാരണം; മുന്‍ സംവിധായകന്‍ ഉള്‍പ്പെടെ 7പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് സിനിമയായ മാമാങ്കത്തിനെതിരെ സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയതിന് ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിര്‍മ്മാണ കമ്പനി നല്‍കിയ പരാതിയിന്‍മേല്‍ സിനിമയുടെ മുന്‍ സംവിധായകന്‍ സജീവ് പിള്ള ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡിസംബര്‍ 12ന് ലോകമെമ്പാടും രണ്ടായിരത്തോളം തിയറ്ററുകളിലാണ് മാമാങ്കം റിലീസ് ചെയ്യാനിരിക്കുന്നത്. മറ്റൊരു മലയാള സിനിമക്കും സ്വപ്നം കാണാന്‍ പോലും കഴിയാത്ത റെക്കോര്‍ഡാണിത്. കേരളത്തില്‍ മാത്രം 350 തിയറ്ററുകളിലാണ് ഡിസംബര്‍ 12ന് മാമാങ്കം പ്രദര്‍ശനത്തിനെത്തുന്നത്.

ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മുട്ടിയുടെ കരിയറിലെ പ്രധാന സിനിമയാണിത്. പതിനാറാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥയാണ് മാമാങ്കം പറയുന്നത്. ഇതില്‍ മമ്മുട്ടിക്കൊപ്പം അസാധ്യമായ പ്രകടനമാണ് 13 വയസ്സുകാരനായ ഒരു ബാലന്‍ കാഴ്ചവച്ചിരിക്കുന്നത്.ചാവേര്‍ ചന്തുണ്ണി എന്ന ഇതിഹാസ നായകനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അച്യുതനാണ്.

16, 17 നൂറ്റാണ്ടുകളില്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായയിലാണ് മാമാങ്ക മഹോത്സവം നടന്നിരുന്നത്. ഇതിന്റെ നേതൃപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുക്കുകയായിരുന്നു.

ഇതാടെയാണ് വൈദേശികര്‍ ഉള്‍പ്പെടെ നിരവധി കച്ചവടക്കാര്‍ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷിതമായിരുന്നത്. പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകള്‍ നടത്തിയിരുന്നത്.

സാമൂതിരിയുടെ കൊട്ടാരത്തിലെത്താന്‍ പോലും പല ചാവേറുകള്‍ക്കും സാധിച്ചെങ്കിലും സാമൂതിരിയെ കീഴ്പ്പെടുത്തുക അസാധ്യമായിരുന്നു. ചോരയിലെഴുതിയ ഈ പകയുടെ കഥയാണ് മാമാങ്കത്തിലൂടെ എം.പത്മകുമാര്‍ പറയുന്നത്. കാവ്യ ഫിലിം കമ്പനിക്കു വേണ്ടി വേണു കുന്നപ്പിള്ളിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സജീവ് പിള്ളയുടെ കഥയ്ക്ക് അവലംബിത തിരക്കഥ എഴുതിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ദംഗല്‍ ഉള്‍പ്പെടെ നിരവധി ബോളിവുഡ് സിനിമകള്‍ക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ ശ്യാം കൗശലാണ് മാമാങ്കത്തിന് മാറ്റേകുന്ന മറ്റൊരു പ്രധാന ഘടകം.

മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലത്താണ് ചിത്രീകരണം നടന്നത്.

Top