വൈ.എസ്.ആര്‍ ആകാന്‍ മമ്മൂട്ടി ഒരുങ്ങുന്നു; ‘യാത്ര’യില്‍ ഒപ്പം നയന്‍ താരയും

mammootty

മെഗാ സ്റ്റാര്‍ മമ്മൂട്ടി വീണ്ടും രാഷ്ട്രീയ നേതാവിന്റെ വേഷത്തിലെത്തുന്നു. ആന്ധ്രപ്രദേശ്​ മുന്‍ മുഖ്യമന്ത്രിയായ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ മഹി വി രാഘവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്റെ ട്വിറ്ററിലൂടെയാണ് മഹി ഇക്കാര്യം വ്യക്തമാക്കിയത്. യാത്രയെന്ന് പേരിട്ട ചിത്രത്തില്‍ നായികയായിയെത്തുന്നത് നയന്‍ താരയാണ്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ പറയുന്നത്. 2004-ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച അദ്ദേഹം നയിച്ച പദയാത്ര സിനിമയിലെ ഒരു മുഖ്യഭാഗമാണ്. 1475 കിലോമീറ്റര്‍ പദയാത്ര മൂന്നു മാസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

അതേസമയം, ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ നാഗാര്‍ജുനയുടെ പേരായിരുന്നു കഥാപാത്രത്തിന് വേണ്ടി പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ സംവിധായന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയതോടെ മലയാളത്തിന്റെ പ്രിയ താരങ്ങള്‍ തന്നെയാവും ചിത്രത്തിലെന്ന് തീര്‍ച്ചയായി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

Top