മെഗാസ്റ്റാറിന്റെ മധുരരാജയും ഫഹദിന്റെ അതിരനും തിയറ്ററുകളില്‍

വിഷു റിലീസായി തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം മധുരരാജയും ഫഹദ് ചിത്രം അതിരനും മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നു.മെഗാസ്റ്റാറിന്റെ മധുരരാജ ഒരു മാസ് എന്റര്‍ടെയിനറായിട്ടാണ് വൈശാഖ് ഒരുക്കിയിരിക്കുന്നത്. ഫഹദിന്റെ അതിരന്‍ ഒരു ഹില്‍സ്റ്റേഷനിലെ മാനസികാരോഗ്യ കേന്ദ്രം പശ്ചാത്തലമാക്കിയുളള ത്രില്ലര്‍ ചിത്രവുമാണ്.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികമാരായി എത്തുന്നത് അനുശ്രീയും ഷംന കാസിമുമാണ്.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന അതിരന്‍ നവാഗതനായ വിവേകാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സായി പല്ലവി ആണ് ഫഹദിന്റെ നായിക. ദുല്‍ഖര്‍ ചിത്രം കലിക്ക് ശേഷം സായി പല്ലവി നായികയാകുന്ന മലയാള ചിത്രം കൂടിയാണിത്. ഒരു റൊമാന്റിക് ത്രില്ലര്‍ ആയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് ആണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിന് ശേഷം ഫഹദ് ഡോക്ടര്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ശാന്തി കൃഷ്ണ, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, സുരഭി ലക്ഷ്മി, ലെന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

പി എസ്. ജയഹരിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാനാണ് ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് .ഊട്ടിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. സെഞ്ചുറി ഫിലിംസ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫര്‍’ ഇപ്പോഴും മികച്ച പ്രേക്ഷക പങ്കാളിത്തത്തോടെ തീയേറ്ററുകളില്‍ തുടരുന്നുണ്ട്. നാദിര്‍ഷ ചിത്രം മേരാ നാം ഷാജി വിഷു ലക്ഷ്യമാക്കി ഒരു വാരം മുന്‍പേ തീയറ്ററുകളിലെത്തിയ ചിത്രമാണ്.

Top