തംരഗമായി മാറി സ്റ്റാലിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍

മുന്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ മുഖച്ഛായയിലുളള മമ്മൂക്കയുടെ ഫാന്‍ മെയ്ഡ് പോസ്റ്ററാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. മെഗാസ്റ്റാറിന്റെ ആരാധക ഗ്രൂപ്പുകളില്‍ ഇത്തരത്തിലുള്ള ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ ധാരാളമായി പുറത്തിറങ്ങാറുണ്ട്. ഇത്തവണ പുറത്തു വന്നിരിക്കുന്ന പോസ്റ്ററും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

സ്റ്റാലിന്‍ എന്ന സാങ്കല്‍പ്പിക സിനിമയുടെ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. കട്ടി മീശയും തറയ്ക്കുന്ന നോട്ടവുമുളള സ്റ്റാലിനായി പോസ്റ്ററില്‍ തിളങ്ങി നില്‍ക്കുകയാണ് മമ്മൂക്ക. ജോസഫ് സ്റ്റാലിനായി മമ്മൂട്ടി എന്നും പോസ്റ്ററില്‍ എഴുതി കാണിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പതാകയിലെ ചുവപ്പും അരിവാള്‍ ചുറ്റിക നക്ഷത്രവുമൊക്കെ അടങ്ങുന്നതാണ് സ്റ്റാലിന്‍ എന്ന ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ടൈറ്റില്‍.

മുന്‍പും രാഷ്ട്രീയ നേതാക്കളുടെ മുഖച്ഛായ ഓര്‍മ്മിപ്പിക്കുംവിധം മമ്മൂട്ടിയുടെ ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു. ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയുമൊക്കെ രൂപ പകര്‍ച്ചയില്‍ ആരാധകര്‍ മമ്മൂക്കയെ അവതരിപ്പിച്ചു. സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിച്ചിരുന്നതും.

രമേഷ് പിഷാരടിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഗാനഗന്ധര്‍വ്വനാണ് മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കവും ഉടന്‍ പുറത്തിറങ്ങും. വ്യത്യസ്ഥ ഗെറ്റപ്പുകളിലെത്തുന്ന ഈ മമ്മൂട്ടി ചിത്രങ്ങളാക്കായി കാത്തിരിക്കുകയാണ് ആരാധകരും.

Top