ജഗൻ മുഖ്യമന്ത്രിയായതിൽ മമ്മുട്ടിക്കും ആന്ധ്രയിൽ നിന്നും അഭിനന്ദനങ്ങൾ !

ടുവില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചു.നടന്‍ മമ്മൂട്ടിയുടെ ‘യാത്രക്കും’ തന്റെ വിജയത്തില്‍ പങ്കുണ്ടെന്നാണ് ജഗന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനോടും അദ്ദേഹം നന്ദി പറഞ്ഞു. അഞ്ചു വര്‍ഷം മുന്‍പാണ് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ബന്ധപ്പെട്ടത്. ഇതിനു ശേഷം ഇവര്‍ തയ്യാറാക്കി നല്‍കിയ രൂപരേഖ പ്രകാരമായിരുന്നു ജഗന്റെയും വൈ.എസ്. ആര്‍ കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തനങ്ങള്‍.

ജഗന്റെ പിതാവും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയുമായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ സിനിമയാക്കണമെന്ന് നിര്‍ദ്ദേശിച്ചതും പ്രശാന്ത് കിഷോറായിരുന്നു. ആന്ധ്ര രാഷ്ട്രീയത്തെ ഇളക്കിമറിച്ചതായിരുന്നു വിഭജനത്തിന് മുന്‍പുള്ള വൈ.എസ്.രാജശേഖര റെഡ്ഡിയുടെ പദയാത്ര. ചുട്ടുപൊള്ളുന്ന ചൂടില്‍ ചോരയൊലിക്കുന്ന പാദങ്ങളോടെ ചുവട് വച്ച് ഗ്രാമങ്ങളിലൂടെ വൈ.എസ്.ആര്‍ നടത്തിയ പദയാത്രയാണ് 2004 ല്‍ തുടര്‍ ഭരണം കോണ്‍ഗ്രസ്സിന് സാധ്യമാക്കിയിരുന്നത്.

ആന്ധ്രയിലെ സാധാരണക്കാരുടെ വികാരമായി പടരാന്‍ ഈ യാത്ര വൈ.എസ്.ആറിന് വഴി ഒരുക്കി. ഇതിന് സമാനമായ ഒരു പദയാത്ര ജഗന്‍ മോഹന്‍ റെഡ്ഡിയും ആന്ധ്രയില്‍ നടത്തിയിരുന്നു. വൈ.എസ്.ആറിന്റെ പദയാത്ര ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാന്‍ ‘യാത്ര’ സിനിമയിലൂടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെയാണ് മമ്മുട്ടി അഭിനയിച്ച തെലുങ്ക് സിനിമ യാത്ര റിലീസ് ചെയ്തത്. വലിയ ആവേശത്തോടെയാണ് ഈ സിനിമ ആന്ധ്രയിലെ ജനത ഏറ്റെടുത്തിരുന്നത്.

പദയാത്രയിലൂടെ വൈ.എസ്.ആറിന് കോണ്‍ഗ്രസില്‍ ഉണ്ടായ സ്ഥാനവും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയത്തില്‍ നടക്കുന്ന പിന്നാമ്പുറ കഥകളുമെല്ലാം സിനിമയില്‍ വന്നുപോകുന്നുണ്ട്. ഒരു രൂപകൊണ്ട് രോഗികളെ ചികിത്സിച്ച ഡോക്ടര്‍ എന്ന പേരില്‍നിന്ന് ഒരു നാടിന്റെ നായകനായി വൈ.എസ്.ആര്‍ മാറിയതായിരുന്നു കഥ. 60 ദിവസം കൊണ്ട് 1475 കിലോമീറ്റര്‍ ജനങ്ങളിലേക്ക് നടന്ന നേതാവിനെ കുറ്റമറ്റ നിലയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ മഹി വി. രാഘവിനും കഴിഞ്ഞിരുന്നു.

സിനിമാ നിര്‍മ്മാണത്തിന് പിന്നിലെ അദൃശ്യ കരം ജഗന്റേത് തന്നെയായായിരുന്നു. തെലുങ്ക് മണ്ണില്‍ സിനിമകള്‍ ജനങ്ങള്‍ക്കിടയില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ശക്തി തിരിച്ചറിഞ്ഞു കൂടിയായിരുന്നു ഈ പരീക്ഷണം.

യാത്രയുടെ ടീസര്‍ തന്നെ വലിയ തരംഗമാണ് സൃഷ്ടിച്ചിരുന്നത്. മാസ് ഡയലോഗോടെ രാജശേഖര റെഡ്ഢിയായി മമ്മുട്ടി അവതരിച്ചപ്പോള്‍ കയ്യടിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന്റെ പ്രചരണത്തില്‍ വ്യാപകമായാണ് ‘യാത്ര’ സിനിമ ഉപയോഗപ്പെടുത്തിയിരുന്നത്.

ആന്ധ്രയെ ഉഴുതുമറിച്ച് വൈ.എസ്.രാജശേഖര റെഡ്ഡി നടത്തിയ പദയാത്രയെ അനുസ്മരിച്ചാണ് സിനിമക്ക് ‘യാത്ര’ എന്ന് പേരിട്ടിരുന്നത്. ആന്ധ്രയിലെ ഏറ്റവും ശക്തനായ മുഖ്യമന്ത്രിയായാണ് വൈ.എസ്.ആര്‍ വിലയിരുത്തപ്പെടുന്നത്.

വൈ.എസ്.ആര്‍ ജീവിച്ചിരുന്നുവെങ്കില്‍ ആന്ധ്രയെ വിഭജിച്ച് തെലങ്കാന സംസ്ഥാനം ഉണ്ടാകില്ലെന്ന് വരെ രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വൈ.എസ്.ആറിനെ ഒരു നോക്ക് കാണാന്‍ ലക്ഷങ്ങള്‍ ആണ് ഗ്രാമങ്ങളില്‍ നിന്നും ഒഴുകി എത്തിയിരുന്നത്.

വൈ.എസ്.ആറിന്റെ മരണശേഷം സജീവ രാഷ്ട്രീയത്തിലിറങ്ങിയ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ പിന്നീട് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പുകച്ച് പുറത്തുചാടിച്ചു. അധികാര തര്‍ക്കം തന്നെയായിരുന്നു ഈ നടപടിക്ക് പിന്നില്‍.

എന്നാല്‍ ആന്ധ്രയിലെ രാഷ്ട്രീയ പാര്‍ട്ടികളെയാകെ ഞെട്ടിച്ച് വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ് രൂപീകരിച്ച ജഗന്‍ മോഹന്‍ റെഡ്ഡി ഉപതെരെഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് കടപ്പ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും അന്ന് വിജയിച്ചത്.

ആന്ധ്രയിലെ വലിയ മാധ്യമ സ്ഥാപനത്തിന്റെ ഉടമ കൂടിയായ ജഗന്‍ മോഹന്‍ റെഡ്ഡി വളരെ പെട്ടന്നാണ് ശക്തനായ രാഷ്ട്രിയ നേതാവായി ഇവിടെ ഉയര്‍ന്ന് വന്നത്. നിലവില്‍ ആന്ധ്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഭയന്നാണ് പ്രാദേശികവാദം പറഞ്ഞ് കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ തെലുങ്കുദേശം പാര്‍ട്ടി പിന്‍വലിച്ചിരുന്നത്.

ആന്ധ്രയെ കേന്ദ്ര സര്‍ക്കാര്‍ ‘അവഗണിക്കുന്നതില്‍’ പ്രതിഷേധിച്ച് എന്‍.ഡി.എ വിടുന്നൂ എന്നായിരുന്നു ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നത്.ജഗന്‍ ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത് തടയുക, ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുക എന്നതായിരുന്നു തെലുങ്ക് ദേശത്തിന്റെ തന്ത്രം.

പ്രാദേശിക വികാരം ആളിക്കത്തിക്കാല്‍ ഡല്‍ഹിയിലേക്ക് ട്രെയിനില്‍ ആളെ കൊണ്ട് പോയി ചന്ദ്രബാബു നായിഡു മാര്‍ച്ചും നടത്തുകയുണ്ടായി. ഈ തന്ത്രങ്ങളെയെല്ലാം മറികടക്കാന്‍ അണികള്‍ അണിയറയില്‍ നടത്തിയ കരുനീക്കമായിരുന്നു വൈ.എസ്.ആറിനെ കേന്ദ്രകഥാപാത്രമാക്കിയ സിനിമ.

മമ്മുട്ടിയെ തന്നെ പിതാവിന്റെ വേഷം അവതരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത് ജഗനായിരുന്നു. സിനിമയിലെ ‘യാത്ര’യില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും വ്യാപകമായി പങ്കെടുത്തിരുന്നു.

വൈ.എസ്.ആര്‍ ആയി വെള്ളിത്തിരയിലെത്തിയ മമ്മുട്ടി 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചത്്. ഭരണഘടനാ ശില്പി അംബേദ്ക്കറുടെ റോളില്‍ തകര്‍ത്തഭിനയിച്ച് ഇന്ത്യന്‍ സിനിമാ മേഖലയെ ഞെട്ടിച്ച മെഗാസ്റ്റാര്‍, വീണ്ടും ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെ അവതരിപ്പിച്ച് ആന്ധ്ര രാഷ്ട്രീയത്തേയും ഇപ്പോള്‍ മാറ്റി മറിച്ചിരിക്കുകയാണ്.

വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകന്‍ എന്ന വിലാസം മാത്രമായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിക്ക് രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. 2011 ലാണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിച്ചത്, അതാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. 2014ല്‍ തന്നെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി മാറി.

ജഗനെ മുഖ്യമന്ത്രിയാക്കാന്‍ ആവശ്യമുയര്‍ന്നെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്റ് മുഖ്യമന്ത്രി പദം റോസയ്യയ്ക്ക് നല്‍കുകയായിരുന്നു. ഇതിനിടെ ഒരു വിഭാഗം കുടുംബത്തില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചതോടെ ജഗന്‍ തന്റെ അമ്മ വൈഎസ് വിജയമ്മയുമൊത്ത് കോണ്‍ഗ്രസിനോട് ഗുഡ്‌ബൈ പറയാന്‍ നിര്‍ബന്ധിതമായി. ഇതിന് ശേഷമായിരുന്നു ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ജഗന്‍ കൊടുങ്കാറ്റ്് പോലെ തിരിച്ച വന്നത്. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ആന്ധ്രാ വിഭജനത്തിന് ശേഷവും വൈ.എസ് .ആര്‍ കോണ്‍ഗ്രസിന് ഉണ്ടായത്. ആ മുന്നേറ്റമാണിപ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ജഗന്‍ മോഹന്‍ റെഡ്ഡിയെ എത്തിച്ചിരിക്കുന്നത്. തെലുങ്ക് ദേശം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്താണ് ഈ മഹാ വിജയമെന്നതും ശ്രദ്ധേയമാണ്.

ജഗന്റെ ഈ വിജയത്തിന് പിന്നില്‍ മലയാളിയുടെ സ്വന്തം മെഗാസ്റ്റാറിന്റെ ‘യാത്ര’യും ഉണ്ടെന്നത് മലയാളികളെ സംബന്ധിച്ചും എന്തായാലും അഭിമാനകരം തന്നെയാണ്.

Top