തെലുങ്കുമണ്ണിലും സൂപ്പര്‍ താരമായി മമ്മുട്ടി, പവനൊപ്പം രംഗത്തിറക്കാന്‍ സി.പി.എം നീക്കം

Pawan Kalyan,Mammootty

വിശാഖപട്ടണം: അന്തരിച്ച മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ റോളില്‍ മമ്മുട്ടി നായകനായി അഭിനയിക്കുന്ന ‘യാത്ര’ സിനിമ സി.പി.എമ്മിനും ആയുധമാകുന്നു.

കോണ്‍ഗ്രസ്സിന്റെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.ആര്‍ നടത്തിയ പദയാത്ര തെലുങ്ക് മനസ്സിനെ ഇളക്കിമറിച്ച് തുടര്‍ച്ചയായി കോണ്‍ഗ്രസ്സിന് ഭരണം നിലനിര്‍ത്താന്‍ വഴി ഒരുക്കിയിരുന്നു.

വൈ.എസ്.ആര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ്സില്‍ ഉണ്ടായ പൊട്ടിത്തെറിയും പകപോക്കലും വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് രൂപീകരണത്തിലാണ് എത്തിച്ചത്.

ഇപ്പോള്‍ വിഭജനത്തിനു ശേഷം ആന്ധ്രയിലെ പ്രധാന പ്രതിപക്ഷമാണ് വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ്. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനെ കരകയറ്റാന്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയെയാണ് രാഹുല്‍ ഗാന്ധി ആന്ധ്രയിലേക്ക് അയച്ചിരിക്കുന്നത്.

ഭരണപക്ഷമായ തെലുങ്കുദേശവുമായി വേര്‍പിരിഞ്ഞ ബി.ജെ.പിയും മലയാളിയായ വി.മുരളീധരനാണ് ആന്ധ്രയുടെ ചുമതല നല്‍കിയിരിക്കുന്നത്. വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സ് ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ തങ്ങളെ പിന്തുണക്കും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

Pawan Kalyan,Mammootty

സി.പി.എം – സി.പി.ഐ പാര്‍ട്ടികള്‍ ആകട്ടെ സൂപ്പര്‍ സ്റ്റാര്‍ പവന്‍കല്യാണിന്റെ ‘ജനസേന’ പാര്‍ട്ടിയുമായി സഖ്യമായാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ തവണ പവന്‍ കല്യാണിന്റെ പിന്തുണയിലാണ് തെലുങ്കുദേശം – ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നത്. ആദ്യമായാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് പവന്‍ ചെങ്കൊടിയെ കൂട്ടുപിടിച്ച് രംഗത്തിറങ്ങുന്നത്.

ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും ശക്തമായ സംഘടനാ അടിത്തറ തെലുങ്ക് മണ്ണില്‍ ഇപ്പോഴും ഉണ്ട്. പവന്‍ കൂടി ചേരുമ്പോള്‍ അട്ടിമറി വിജയം കരസ്ഥമാക്കാം എന്നാണ് ചെമ്പട കരുതുന്നത്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് മമ്മുട്ടിയുടെ ‘യാത്ര’ സിനിമയില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. വൈ.എസ്.ആറിനോടുള്ള ജനങ്ങളുടെ സ്‌നേഹം ഉണര്‍ത്താന്‍ സിനിമ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതത്വം.

ഇതിനെ മറികടക്കാന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം സ്ഥാപക നേതാവുമായ എന്‍.ടി.രാമറാവുവിന്റെ ജീവിത കഥ സിനിമയാക്കി പുറത്തിറക്കാന്‍ അദ്ദേഹത്തിന്റെ കുടുംബവും തെലുങ്കുദേശം പാര്‍ട്ടിയും രംഗത്തിറങ്ങി കഴിഞ്ഞു.

ഈ രണ്ടു സിനിമകളും റിലീസായാല്‍ ഏത് സിനിമ സൂപ്പര്‍ ഹിറ്റാവും എന്ന ചര്‍ച്ചകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

മമ്മുട്ടി നായകനായ ‘യാത്രയുടെ’ ആദ്യ ടീസറിന് സിനിമാ മേഖലയെ മാത്രമല്ല രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ച പ്രതികരണങ്ങളാണ് ആന്ധ്രയില്‍ നിന്നും ലഭിച്ചിരുന്നത്.

Pawan Kalyan,Mammootty

ഇതിനിടെ തന്ത്രപരമായ നീക്കവുമായി സി.പി.എം അനുകൂലികളും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. വൈ.എസ്. രാജശേഖര റെഡ്ഡിയെ അവതരിപ്പിക്കുന്ന മമ്മുട്ടി കമ്യൂണിസ്റ്റുകാരനാണെന്നും സി.പി.എം നേതൃത്വം കൊടുക്കുന്ന വാര്‍ത്ത ചാനലിന്റെ ചെയര്‍മാനാണെന്നുമാണ് ഈ വിഭാഗം സോഷ്യല്‍ മീഡിയകളിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

സിനിമ താരങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുന്ന തെലുങ്ക് ജനതയുടെ മനസ്സില്‍ മമ്മുട്ടിയുടെ ശബ്ദം ഇടിമുഴക്കമായി പതിഞ്ഞതിനെ പോസിറ്റീവായാണ് സി.പി.എം കാണുന്നത്.

യാത്ര സിനിമ വഴി മമ്മൂട്ടിക്ക് ആന്ധ്രയില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയും പബ്ലിസിറ്റിയും ഉപയോഗപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പവന്‍ കല്യാണിനൊപ്പം മമ്മുട്ടിയെയും പങ്കെടുപ്പിക്കണമെന്ന താല്‍പ്പര്യം നേതാക്കള്‍ക്കിടയിലുണ്ട്. ഇതിനായി വേണ്ടിവന്നാല്‍ മമ്മുട്ടിയുടെ അടുത്ത സുഹൃത്തുകൂടിയായ മുഖ്യമന്ത്രി പിണറായിയുമായി ബന്ധപ്പെടാനും സി.പി.എം ആന്ധ്ര ഘടകം തയ്യാറായേക്കുമെന്നാണ് സൂചന.

സി.പി.എം ദേശീയ നേതൃത്വത്തെ സംബന്ധിച്ച് ഏറെ വെല്ലുവിളി നേരിടുന്ന തെരഞ്ഞെടുപ്പായതിനാല്‍ പരമാവധി സീറ്റുകള്‍ നേടുക എന്ന കാര്യത്തില്‍ ഒരു വിട്ടു വിഴ്ചക്കും തയ്യാറല്ല.

ആന്ധ്രയില്‍ പവന്‍ കല്യാണിനൊപ്പം മമ്മുട്ടി വേദി പങ്കിട്ടാല്‍ അത് കേരളത്തിലെ താരപദവിക്ക് ഭീഷണിയാകില്ല എന്നതിനാല്‍ ഇത്തരമൊരു സാധ്യതയെ രാഷ്ട്രീയ കേന്ദ്രങ്ങളും തള്ളിക്കളയുന്നില്ല.

2019-ല്‍ നിയമസഭ – ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് ആന്ധ്രയില്‍ നടക്കുക. 25 ലോകസഭ സീറ്റും 175 നിയമസഭ സീറ്റുകളുമാണ് ആന്ധ്രയിൽ ഉള്ളത്.

Top