യാത്രയില്‍ മമ്മൂട്ടിയുടെ മകനാകുന്നത് വിജയ് ദേവരകൊണ്ടയോ?

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയില്‍ തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ട പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴ് താരം കാര്‍ത്തി മമ്മൂട്ടിയുടെ മകന്റെ വേഷത്തിലെത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിജയ് ദേവരകൊണ്ടയാകും കാര്‍ത്തിക്ക് പകരം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ വൈ.എസ്.ജഗന്റെ വേഷത്തിലാകും വിജയ് ദേവരകൊണ്ട എത്തുക. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോദിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ബുധനാഴ്ച ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കും.

നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍.

2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്. റാവു രമേഷ്, അനസൂയ ഭരദ്വരാജ്, സുഹാസിനി മണിരത്‌നം, പൊസാനി കൃഷ്ണ മുരളി, വിനോദ് കുമാര്‍, സച്ചിന്‍ ഖദേകര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Top