പതിയിരിക്കുന്ന അപകടത്തില്‍ പങ്കാളിയാകാന്‍ വയ്യ; ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്ന് മമ്മൂട്ടി

കൊച്ചി: ചെന്നൈ സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ഫ്‌ളക്‌സ് ബോര്‍ഡ് വീണ് മരിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ സിനിമകള്‍ക്ക് പരസ്യപ്രചരണാര്‍ത്ഥം ഉപയോഗിക്കുന്ന ഫ്‌ളക്‌സ്‌ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും സിനിമാ താരങ്ങള്‍ ഒഴിവാക്കുന്നു.

മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധര്‍വനിലും ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്ന് മമ്മൂട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടം സംബന്ധിച്ച വാര്‍ത്ത അറിഞ്ഞതോടെ മമ്മൂട്ടിയും ഗാനഗന്ധര്‍വ്വന്റെ സംവിധായകനായ രമേഷ് പിഷാരടിയും നിര്‍മ്മാതാവ് അന്റോ പി ജോസഫും ഫ്ളെക്സ് ഹോര്‍ഡിങുകള്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ചിത്രത്തിന്റെ പരസ്യത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കാവു എന്നും രമേഷ് പിഷാരടി പറഞ്ഞു.

തമിഴ് താരങ്ങളായ വിജയ്,അജിത്, സൂര്യ എന്നിവരും സമാന തീരുമാനം കൈകൊണ്ടിരുന്നു. വിജയ് ചിത്രമായ ബിഗിലിലും വലിയ ഹോര്‍ഡിങ്ങുകളും ബാനറുകളും സ്ഥാപിക്കരുതെന്നും താരം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാനറുകളും ഫ്‌ളക്‌സുകളും ഉപയോഗിക്കുന്ന പരിപാടിയില്‍ ഇനി പങ്കെടുക്കില്ലെന്നും ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിരുന്നു.

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വരുന്നതിനിടെ ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹ പരസ്യം പതിച്ച ബോര്‍ഡ് സ്‌ക്കൂട്ടറിന് മേല്‍ മറിഞ്ഞു വീണാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ശുഭ ശ്രീ
മരിച്ചത്. ഇതോടെ നിയന്ത്രണം നഷ്ടമായി പിന്നാലെ വന്ന ടാങ്കര്‍ ലോറിക്ക് മുന്നില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top