ബിലാലായി വീണ്ടും തിളങ്ങാന്‍ മമ്മൂട്ടി; ബിഗ് ബി രണ്ടാംഭാഗം ഷൂട്ടിംഗ് ഫെബ്രുവരിയില്‍

മ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുന്നുണ്ടെന്ന വിവരം ലഭിച്ചപ്പോള്‍ മുതല്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. ഈ കാഥാപാത്രത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഫോര്‍ ബ്രദേഴ്സ് എന്ന ഹോളിവുഡ് സിനിമയെ അടിസ്ഥാനമാക്കിയായിരുന്നു അമല്‍ നീരദ് ബിഗ് ബി ഒരുക്കിയത്.

അതുകൊണ്ട് തന്നെ രണ്ടാംവരവ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ഫെബ്രുവരി പകുതിയോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നുമാണ് സൂചന. നിലവിലെ തിരക്കുകളെല്ലാം തീര്‍ത്ത് മമ്മൂട്ടിയും ചിത്രത്തില്‍ ജോയിന്‍ ചെയ്യും. 2020 പകുതിയോടെ സിനിമ റിലീസ് ചെയ്യുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിര്‍മ്മാണത്തിലും താരം സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. അജയ് വാസുദേവും മമ്മൂട്ടിയും വീണ്ടും ഒരുമിച്ചെത്തുന്ന ഷൈലോക്കാണ് ഇനി മമ്മൂട്ടിയുടേതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത ചിത്രം.

Top