ആന്ധ്ര ഭരണം അട്ടിമറിക്കുവാനായി മമ്മുട്ടിയുടെ ‘യാത്ര’ അമ്പരന്ന് ഭരണകൂടം !

ന്ധ്ര ആര് ഭരിക്കണമെന്ന് ഇനി മെഗാസ്റ്റാര്‍ മമ്മുട്ടി തീരുമാനിക്കുമോ ? അതിശയോക്തി കലര്‍ന്ന ചോദ്യമല്ല ഇത്. സിനിമ രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുന്ന തെലുങ്ക് മണ്ണില്‍ ഈ സാധ്യതയെ തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല.

ആന്ധ്ര നിയമസഭ – ലോകസഭ തിരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് നേട്ടം ഉണ്ടാക്കിയാല്‍ അതിന്റെ ക്രെഡിറ്റ് മമ്മുട്ടിക്കും അവകാശപ്പെട്ടതായി മാറും എന്ന ചര്‍ച്ചകളാണ് ആന്ധ്രയില്‍ നടക്കുന്നത്.

വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സ് നേതാവ് ജഗ് മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡിയെ യാത്ര എന്ന തെലുങ്ക് സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് മമ്മുട്ടി. സിനിമയുടെ ടീസര്‍ തന്നെ തെലുങ്ക് മണ്ണില്‍ തരംഗമായി പടര്‍ന്നതോടെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ആകാംക്ഷയോടെയാണ് ഈ സിനിമ ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ഉറ്റുനോക്കുന്നത്. യാത്ര ഫെബ്രുവരി 8ന് തിയറ്ററുകളിലെത്തും. ലോകസഭ – നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സിനിമ വ്യാപകമായി റിലീസ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ താരത്തെ ചങ്കിടിപ്പോടെയാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെലുങ്കുദേശം പാര്‍ട്ടി നേതാക്കളും നോക്കിക്കാണുന്നത്. മമ്മുട്ടിയുടെ ആന്ധ്ര ദൗത്യത്തില്‍ കടുത്ത ആശങ്കയിലാണിവര്‍.

ആന്ധ്രയെ ഉഴുതുമറിച്ച് വൈ.എസ്.ആര്‍ നടത്തിയ യാത്രയെ അനുസ്മരിച്ചാണ് സിനിമക്ക് ‘യാത്ര’ എന്നു പേരിട്ടിരിക്കുന്നത്. ആന്ധ്രയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായാണ് വൈ.എസ്.ആറിനെ വിലയിരുത്തപ്പെടുന്നത്.

വൈ.എസ്.ആര്‍ ജീവിച്ചിരുന്നുവെങ്കില്‍ ആന്ധ്രയെ വിഭചിച്ച് തെലങ്കാന സംസ്ഥാനം ഉണ്ടാകില്ലന്ന് വരെ രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വൈ.എസ്.ആറിനെ ഒരു നോക്ക് കാണാന്‍ ലക്ഷങ്ങള്‍ ആണ് ഗ്രാമങ്ങളില്‍ നിന്നും ഒഴുകി എത്തിയിരുന്നത്.

വൈ.എസ്.ആറിന്റെ മരണശേഷം സജീവ രാഷ്ട്രീയത്തിലിറങ്ങിയ ബിസിനസ്സുകാരനായ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ പിന്നീട് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം പുകച്ച് പുറത്തുചാടിച്ചു. അധികാര തര്‍ക്കം തന്നെയായിരുന്നു ഈ നടപടിക്ക് പിന്നില്‍.

എന്നാല്‍ ആന്ധ്രയിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ് രൂപീകരിച്ച ജഗന്‍ മോഹന്‍ റെഡ്ഡി ഉപതെരെഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ആന്ധ്രയിലെ വലിയ മാധ്യമ സ്ഥാപനത്തിന്റെ ഉടമ കൂടിയായ ജഗന്‍ മോഹന്‍ റെഡ്ഡി വളരെ പെട്ടന്നാണ് ശക്തനായ രാഷ്ട്രിയ നേതാവായി ഇവിടെ ഉയര്‍ന്നത്. ഇപ്പോള്‍ ആന്ധ്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. ‘യാത്ര’യുടെ വരവോടെ ലോക് സഭ തെരെഞ്ഞെടുപ്പിലും നിയമസഭാ തെരെഞ്ഞെടുപ്പിലും വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് വന്‍ നേട്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശികവാദം ഉയര്‍ത്തി കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ തെലുങ്കുദേശം പിന്‍വലിച്ചത് തന്നെ ജഗന്‍മോഹന്‍ റെഡ്ഡി എന്ന ‘അപകടം’ മുന്നില്‍ കണ്ടിട്ടായിരുന്നു.

ആന്ധ്രയെ കേന്ദ്ര സര്‍ക്കാര്‍ ‘അവഗണിക്കുന്നതില്‍’ പ്രതിഷേധിച്ചാണ് തെലുങ്കുദേശം മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജി വച്ചിരുന്നത്. തുടര്‍ന്ന് ബിജെപി മന്ത്രിമാര്‍ ആന്ധ്രാമന്ത്രിസഭയില്‍ നിന്നും രാജി വച്ചൊഴിഞ്ഞു.

ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത് തടയുക, ലോക്സഭ തെരെഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുക എന്നതാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരമപ്രധാന ലക്ഷ്യം.

ഇതിനെ മറികടക്കാന്‍ ജഗന്‍ മോഹന്‍ അണിയറയില്‍ ഒരുക്കിയ തന്ത്രമാണ് വൈ.എസ്.ആറിനെ കേന്ദ്രകഥാപാത്രമാക്കിയ സിനിമയെന്നാണ് പറയപ്പെടുന്നത്. മമ്മുട്ടിയെ തന്നെ പിതാവിന്റെ വേഷം അവതരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതും അദ്ദേഹമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വൈ.എസ്.ആറിന്റെ ‘സിനിമാ യാത്ര’യില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും വ്യാപകമായി പങ്കെടുത്തിരുന്നു.

വന്‍ ബജറ്റില്‍ പുറത്തിറങ്ങുന്ന സിനിമ മഹി വി രാഘവ് ആണ് സംവിധാനം ചെയ്യുന്നത്. 1999 മുതല്‍ 2004 കാലഘട്ടം വരെയുള്ള വൈ.എസ്.ആറിന്റെ ജീവത കഥയാണ് ‘യാത്ര’ പറയുന്നത്.

2004-ല്‍ കോണ്‍ഗ്രസ്സിനെ വന്‍ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിച്ച പദയാത്ര ആന്ധ്ര രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ്. രണ്ടു തവണയാണ് വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയുടെ മുഖ്യമന്ത്രിയായത്.

കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്റ് ആന്ധ്രയിലേക്ക് നിയോഗിച്ചതിന് പിന്നിലും ജഗന്‍ മോഹന്‍ റെഡ്ഡിയെ അനുനയിപ്പിക്കുക എന്ന ഉദ്യേശം കൂടി ഉണ്ടായിരുന്നു. എന്നാല്‍, ഈ നീക്കം പാളിയ അവസ്ഥയാണ് നിലവില്‍.

വൈ.എസ്.ആര്‍ ആയി വെള്ളിത്തിരയിലെത്തുന്ന മമ്മുട്ടി 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്.

ഭരണഘടനാ ശില്പി അംബേദ്ക്കറുടെ റോളില്‍ തകര്‍ത്തഭിനയിച്ച് ഇന്ത്യന്‍ സിനിമാ മേഖലയെ ഞെട്ടിച്ച മെഗാസ്റ്റാര്‍ വീണ്ടും ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെ അവതരിപ്പിച്ച് ആന്ധ്ര രാഷ്ട്രീയത്തെ തന്നെ പിടിച്ചുലക്കാനാണ് ശ്രമിക്കുന്നത്.

സിനിമയും രാഷ്ട്രീയവും ഇടകലര്‍ന്ന തെലുങ്ക് മണ്ണില്‍ സൂപ്പര്‍ സ്റ്റാര്‍ എന്‍.ടി.രാമറാവു രൂപീകരിച്ച പാര്‍ട്ടിയാണ് തെലുങ്കുദേശം. കന്നി തെരെഞ്ഞെടുപ്പില്‍ ആന്ധ്ര തൂത്തുവാരിയാണ് എന്‍.ടി.ആര്‍ മുഖ്യമന്ത്രിയായത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയും ബന്ധുവുമായ ചന്ദ്രബാബു നായിഡുവിനെ ഇപ്പോള്‍ ആശങ്കപെടുത്തുന്നതും മറ്റൊരു സൂപ്പര്‍ താരം തന്നെയാണ്. അത് തെലുങ്ക് സിനിമയിലല്ല മറിച്ച് മലയാളത്തിന്റെ സ്വന്തം മമ്മുക്കയാണെന്നതാണ് വ്യത്യാസം.

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് മുഖ്യമന്ത്രി കസേര ലഭിക്കാന്‍ മമ്മൂട്ടി നായകനായ യാത്ര കാരണമാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

political reporter

Top