കറപുരണ്ട പല്ലുകള്‍, നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമായി മമ്മൂട്ടി; ഭ്രമയുഗം പോസ്റ്റര്‍

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായാണോ അതോ വില്ലനായാണോ ചിത്രത്തില്‍ എത്തുന്നത് എന്ന ചോദ്യം ഉന്നയിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

കറപുരണ്ട പല്ലുകള്‍, നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയും ആയി നില്‍ക്കുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ഞെട്ടിക്കുന്ന പെര്‍ഫോമന്‍സിന് സാക്ഷിയാകാന്‍ ചിത്രത്തിലൂടെ സാധിക്കുമെന്നാണ് പോസ്റ്റര്‍ ഉറപ്പു നല്‍കുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷന്‍സ്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം 2024-ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

Top