ഗൗതം വാസുദേവ് മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി; ബസൂക്കയിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്

വൈവിധ്യമാര്‍ന്ന സിനിമകള്‍ കൊണ്ട് മലയാള സിനിമയുടെ ഗ്രാഫ് ഉയര്‍ത്തുകയാണ് മമ്മൂട്ടി. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം ഭ്രമയുഗമാണ് അദ്ദേഹത്തിന്റേതായി ഇപ്പോള്‍ തിയറ്ററുകളിലുള്ളത്. അടുത്തതായി വരാനിരിക്കുന്നത് ഒരു നവാഗത സംവിധായകന്റെ ചിത്രവുമാണ്. ഡീനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വസുദേവ് മേനോന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

ഗൗതം വാസുദേവ് മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മമ്മൂട്ടി ബെഞ്ചമിന്‍ ജോഷ്വ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. മമ്മൂട്ടി തന്നെയാണ് ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്. 25 ന് ആയിരുന്നു അദ്ദേഹത്തിന്റെ പിറന്നാള്‍. ഡീനൊ ഡെന്നിസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ. സുമിത് നവേല്‍, സ്ഫടികം ജോര്‍ജ്, ദിവ്യ പിള്ള, ഐശ്വര്യ മേനോന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഗെയിം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. വലിയ മുതല്‍മുടക്കിലാണ് നിര്‍മ്മാണം.

സംഗീതം മിഥുന്‍ മുകുന്ദന്‍, ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, നിര്‍മ്മാണ നിര്‍വ്വഹണം സഞ്ജു ജെ. തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനുവി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൊച്ചി, പാലക്കാട് കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു. പിആര്‍ഒ വാഴൂര്‍ ജോസ്. ഫോട്ടോ ബിജിത്ത് ധര്‍മ്മടം.

Top