മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ‘യാത്ര’ ; ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് യാത്ര. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തില്‍ വൈ എസ് ആര്‍ ആയി വേഷമിടുന്നത്. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ആരുണ്ട് നിങ്ങളെ തടയാനായ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് പള്ളുരുത്തിയാണ്. കൃഷ്ണ കൂമാറാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. ഈ മാസം ചിത്രം തിയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍..

2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.

റാവു രമേഷ്, അനസൂയ ഭരദ്വരാജ്, സുഹാസിനി മണിരത്‌നം, പൊസാനി കൃഷ്ണ മുരളി, വിനോദ് കുമാര്‍, സച്ചിന്‍ ഖദേകര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തമിഴ് നടന്‍ കാര്‍ത്തി ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Top