Mammootty says about influence of communism in Keralam

കൊച്ചി: മലയാളിയെ നവീകരിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് നടന്‍ മമ്മൂട്ടി.

നവോത്ഥാന-സ്വാതന്ത്ര്യ-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പോലെ ഇക്കാര്യത്തില്‍ സിനിമയും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ആദ്യനായിക റോസിയെ അടിച്ചോടിച്ച കേരളമല്ല മറ്റൊരു കേരളമാണ് സിനിമയും സ്വപ്നം കാണുന്നത്. പി.ഭാസ്‌കരനും അടൂരും അരവിന്ദനും എം.ടി യും എസ്.എല്‍ പുരം സദാനന്ദനും അങ്ങനെ ഒരുപാടൊരുപാട് പേര്‍ സിനിമയിലൂടെ ഇടപെട്ടത് നമ്മുടെ ബോധമണ്ഡലത്തിലാണ്.

അസമത്വങ്ങളില്ലാതാക്കാന്‍ നസീര്‍, സത്യന്‍, ജയന്‍, മധു തുടങ്ങിയവരുടെയൊക്കെ കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് കയ്യടിച്ചാണ് കുട്ടിയായിരിക്കെ താനും വളര്‍ന്നതെന്നും മമ്മൂട്ടി പറഞ്ഞു.

മോഹന്‍ലാലും താനും ഉള്‍പ്പെടെയുള്ളവര്‍ മലയാള സിനിമയെക്കുറിച്ച് കാണുന്ന സ്വപ്നം നമ്മുടെ സിനിമ അതിര്‍ത്തികളെ ഭേദിക്കുന്നതാണ്.

ലോകമാകെ മലയാള സിനിമയെത്തുമ്പോള്‍, രണ്ടായിരവും മുവായിരവും തിയേറ്ററുകളില്‍ കേരളത്തിന് പുറത്ത് സിനിമകള്‍ റിലീസ് ചെയ്യാനാകുമ്പോള്‍, ഭാഷയെന്ന നിലയില്‍ നാം ഒറ്റ ജനതയാവും. അതിനുള്ള ഏറ്റവും ശക്തമായ മാധ്യമമാണ് സിനിമ.

1956-ല്‍ ‘അവര്‍ ഉണര്‍ന്നു’ എന്നൊരു സിനിമയുണ്ട്. നസീര്‍ സാര്‍ നായകനായ ആ സിനിമയുടെ പേര് പോലെ തന്നെ നമ്മളും ഉണരുകയായിരുന്നു.

മലബാറും കൊച്ചിയും തിരുവിതാംകൂറുമായി വേറിട്ട് നിന്ന നമ്മള്‍ ഒരേ ഭാഷ സംസാരിക്കുന്നവരാണെന്ന സംഘബോധമുണര്‍ത്തുന്നതില്‍ സിനിമ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി.

വേര്‍പെട്ടു നിന്ന ജനത പരസ്പരം കണ്ടതും സിനിമയിലൂടെയാണ്. ഒരു കേരളം ഉണ്ടാകുന്നതിനു മുന്‍പേ മലയാളം സിനിമ ഒന്നേയുള്ളു. ‘നീലക്കുയില്‍’ പാടിയത് ആ ഭാഷയാണ്. കേരളം എന്ന യാഥാര്‍ത്ഥ്യത്തിന് പിന്നില്‍ സിനിമ ഒരു പ്രസ്ഥാനം തന്നെയാണെന്നും മമ്മൂട്ടി വ്യക്തമാക്കി.

Top