ഗംഭീര കാസ്റ്റിംഗുമായി മമ്മൂട്ടിയുടെ പുതിയ സ്റ്റൈലിഷ് ത്രില്ലർ

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി നായകനാകുക. മാര്‍ച്ച് അവസാനമാകും മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. കൊച്ചി, ബംഗ്ലൂര്‍ എന്നിവടങ്ങള്‍ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ എന്ന് നിര്‍മാതാക്കളില്‍ ഒരാളായ ജിനു എബ്രഹാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം മറ്റ് പ്രമുഖ താരങ്ങളും ഡിനോ ഡെന്നീസിന്റെ സംവിധാനത്തില്‍ അണിനിരന്നേക്കും എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് ഉണ്ടായിട്ടില്ല. നിമിഷ് രവിയാകും ചിത്രത്തിന്റെ ഛായാഗ്രാഹണം. സ്റ്റൈലിഷ് ആയി ഒരുക്കുന്ന ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും ‘റോഷാക്ക്’ ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കും ഇതെന്നും ജിനു എബ്രഹാം വ്യക്തമാക്കിയിരുന്നു.

‘കണ്ണൂര്‍ സ്‍ക്വാഡ്’ എന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂനെ, പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, ആതിരപ്പിള്ളി എന്നിവടങ്ങളിലാണ് ചിത്രം ചിത്രീകരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

Top