‘വണ്‍’ നെറ്റ്ഫ്‌ളിക്‌സിലേക്ക്; മമ്മൂട്ടി ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ സിനിമാവ്യവസായത്തിന്റെ നട്ടെല്ലൊടിക്കുന്ന പ്രതിസന്ധിയാണ് കൊവിഡ് കാലം. എന്നാല്‍ ഈ പ്രതിസന്ധിക്കിടയില്‍ മലയാള സിനിമ കണ്ടെത്തിയ ഒരു പുതിയ സാധ്യത ഓവര്‍ ദി ടോപ്പ് പ്ലാറ്റ്‌ഫോമുകളാണ്. സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ നിന്ന് ആരംഭിച്ച് ദൃശ്യം 2, ജോജി എന്നിവയില്‍ എത്തിനില്‍ക്കുന്ന ഒടിടി ഡയറക്റ്റ് റിലീസ്, കൂടാതെ തിയറ്ററില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളും മലയാളത്തില്‍ നിന്ന് ഇപ്പോള്‍ മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വാങ്ങുന്നുണ്ട്.

ആ നിരയിലേക്ക് ഏറ്റവും പുതുതായി എത്തുന്നത് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘വണ്‍’ ആണ്. കൊവിഡ് ആദ്യ തരംഗത്തിനു മുന്‍പായി ഭൂരിഭാഗവും ചിത്രീകരിച്ച വണ്ണിന്റെ റിലീസ് പക്ഷേ ഒരു വര്‍ഷക്കാലത്തോളം മുടങ്ങിയിരുന്നു.

മാര്‍ച്ച് 26നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഒരു മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സില്‍ 27നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ‘വണ്ണി’നു മുന്‍പ് തിയറ്ററുകളിലെത്തിയ മറ്റൊരു മമ്മൂട്ടി ചിത്രമായ ‘ദി പ്രീസ്റ്റ്’ ആമസോണ്‍ പ്രൈമില്‍ അടുത്തിടെ റിലീസ് ചെയ്യപ്പെട്ടിരുന്നു.

ഒരു കാലത്ത് മലയാള ചിത്രങ്ങളോട് മുഖം തിരിച്ചിരുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ആ നിലപാട് മാറ്റിയിരിക്കുന്നത് മലയാളസിനിമയ്ക്ക് ഏറെ പ്രതീക്ഷ പകരുന്ന കാര്യമാണ്. ദൃശ്യം 2, ജോജി എന്നീ ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ നേടിയ വന്‍ പ്രേക്ഷക സ്വീകാര്യത ഒടിടിയില്‍ മലയാളസിനിമയ്ക്ക് വരാനിരിക്കുന്ന വലിയ അവസരങ്ങളുടെ തുടക്കമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

 

Top