കണ്ണൂർ സ്ക്വാഡ് പറഞ്ഞതിലും അപ്പുറമാണ് യഥാർത്ഥ ജീവിതത്തിൽ പൊലീസിലെ ഈ സ്പെഷ്യൽ സ്ക്വാഡ് !

മെഗാസ്റ്റാർ മമ്മുട്ടിയുടെ കണ്ണൂർ സക്വാഡ് എന്ന സിനിമ മികച്ച പ്രേക്ഷക പിന്തുണയോടെയാണ് മുന്നേറുന്നത്. ആർ.ഡി. എക്സ് എന്ന ആക്ഷൻ സിനിമക്കു പിന്നാലെ മലയാള സിനിമക്ക് സൂപ്പർഹിറ്റ് പ്രതീക്ഷ നൽകുന്ന സിനിമ തന്നെയാണ് കണ്ണൂർ സ്ക്വാഡ്. സോഷ്യൽ മീഡിയകളിൽ വരുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതും അതു തന്നെയാണ്. പൊലീസ്‌ കുറ്റാന്വേഷണ കഥകൾ മുൻപും നിരവധി തവണ സിനിമയായിട്ടുണ്ട്. അതിൽ പുതുമയൊന്നുമില്ല. ഒരു സംസ്ഥാനത്ത് ക്രൈം നടത്തി മറ്റു സംസ്ഥാനങ്ങളിലേക്ക് കടക്കുന്ന പ്രതികളും അവരെ പിടിക്കാൻ പോകുന്ന പൊലീസുദ്യോഗസ്ഥനും ഏറ്റുമുട്ടിയ കഥ ഈ അടുത്തയിടെയും പുറത്തു വന്നിട്ടുണ്ട്.

കാസർഗോൾഡ് എന്ന ആസിഫലിയുടെ സിനിമ അത്തരം ഒരു കഥയാണ് പറഞ്ഞത്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തവും ക്ലൈമാക്സ് വരെ തീർത്തും ആകാംക്ഷ പുലർത്തുന്ന സിനിമയാണ് മമ്മുട്ടിയുടെ കണ്ണൂർ സക്വാഡ്. രാജ്യത്ത് തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ തമിഴ് സിനിമ ‘തീരനോട്’ താരതമ്യം ചെയ്യാൻ പറ്റുന്ന തരത്തിലാണ് ഈ സിനിമ പലഘട്ടങ്ങളിലും പ്രേക്ഷകരെ കൊണ്ടു പോകുന്നത്. യഥാർഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ സിനിമ തമിഴ്നാട് പൊലീസിന്റെ യശസ്സ് വർദ്ധിപ്പിച്ച സിനിമ കൂടിയാണ്.

‘തീരൻ’ എന്ന ഒരു മെഗാഹിറ്റ് കുറ്റാന്വേഷണ സിനിമ മുന്നിൽ നിൽക്കെയാണ് നവാഗതനായ റോബി വർ​ഗീസ് രാജ് മമ്മുട്ടിയെ നായകനാക്കി കണ്ണൂർ സ്‌ക്വാഡ് ഒരുക്കിയിരിക്കുന്നത്. ‘തീരനെ’ പോലെ തന്നെ അതിമാനുഷിക ശൈലി പിന്തുടരാതെ കൃത്യമായി മമ്മുട്ടിയുടെ സാധ്യതകൾ മനസ്സിലാക്കിയുള്ള അവതരണമാണ്‌ ‘കണ്ണൂർ സ്‌ക്വാഡിൽ’ പിന്തുടർന്നിരിക്കുന്നത്. ഈ ശൈലി പ്രേക്ഷകർ സ്വീകരിച്ചു എന്നു തന്നെയാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

വളരെ വേഗത്തിൽ കേസ്‌ തെളിയിക്കുന്നതിൽ മിടുക്കരായ പൊലീസ്‌ ഉദ്യോഗസ്ഥരുടെ സംഘമായാണ്‌ കണ്ണൂർ സ്‌ക്വാഡിനെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. അവർ ഒരു കൊലപാതകക്കേസിലെ പ്രതികളെ തേടി നടത്തുന്ന യാത്രയാണ്‌ ഈ സിനിമ. നേരിട്ട്‌ കഥയിലേക്ക്‌ കടക്കാതെ വ്യത്യസ്തമായ ഒരു കഥപറച്ചലിലൂടെ എന്താണ്‌ ഈ സംഘമെന്ന്‌ പ്രേക്ഷകനെ ബോധ്യപ്പെടുത്തിയാണ്‌ സിനിമ മുന്നോട്ടു പോകുന്നത്. യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലന്ന് അണിയറ പ്രവർത്തകർ പറയുമ്പോഴും യഥാർത്ഥ പൊലീസിൽ എസ്.പിയുടെ കീഴിലുള്ള സ്ക്വാഡുകളുടെ പ്രവർത്തനങ്ങളുമായി ഈ സിനിമക്കും സാമ്യമുണ്ട്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പൊലീസ് മേധാവിമാരുടെ കീഴിൽ കണ്ണൂർ സക്വാഡ് മുതൽ ഒരു പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. മുൻപ് നടന്ന ചില വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം സ്ക്വാഡുകളെ ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരം പിരിച്ചു വിട്ടിരുന്നെങ്കിലും രൂപവും ഭാവവും മാറി ജില്ലകളിൽ ഇത്തരം സ്ക്വാഡുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ലോക്കൽ പൊലീസിന് കണ്ടെത്താൻ കഴിയാത്തതും പിടിക്കാൻ കഴിയാത്തതുമായ പ്രതികളെ പലപ്പോഴും കണ്ടെത്തുന്നതും പിടികൂടുന്നതും
ഇത്തരം സംഘങ്ങളാണ്. അവർ പിന്നീട് പ്രതികളെ ലോക്കൽ പൊലീസിന് കൈമാറുകയാണ് ചെയ്യാറുള്ളത്.

എസ്.പി സ്ക്വാഡിലെ പൊലീസുകാർക്കെതിരെ അഴിമതി മാത്രമല്ല കൊലക്കുറ്റവും ഈ കേരളത്തിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. പല പൊലീസുകാരം നടപടിക്ക് വിധേയമായിട്ടുമുണ്ട്. വരാപ്പുഴ കസ്റ്റഡി മരണം ഇതിൽ പ്രധാനമാണ്. മാസങ്ങൾക്ക് മുൻപു നടന്ന താനൂർ കസ്റ്റഡി മരണ കേസിലും പ്രതിക്കൂട്ടിലായത് എസ്.പിയുടെ സ്ക്വാഡാണ്. ഈ സംഭവമിപ്പോൾ അന്വേഷിക്കുന്നത് സി.ബി.ഐയാണ്. ചില ഒറ്റപ്പെട്ട സംഭവങ്ങൾ എസ്.പിമാരുടെ സ്ക്വാഡുകളുടെ നിറം കെടുത്തിയിട്ടുണ്ടെങ്കിലും അനവധി കേസുകളിൽ പ്രതികളെ പിടികൂടിയത് കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ച ഈ സംഘങ്ങളാണ്.

മലപ്പുറത്ത് തന്നെ നൂറിൽ അധികം സ്വർണ്ണക്കടത്തുകളാണ് എസ്.പിയുടെ സ്ക്വാഡ് ഇടപെട്ട് പിടിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികളെ പോലും അത്ഭുതപ്പെടുത്തിയ കണക്കാണിത്. ജില്ലകളിലെ കഴിവുള്ള പൊലീസുകാരെ ഉൾപ്പെടുത്തി രൂപം കൊടുക്കുന്ന ഇത്തരം സ്ക്വാഡുകളിൽ ഉൾപ്പെടുന്നവരിൽ ചിലർ കൈക്കൂലിക്കാരായി മാറിയ സംഭവങ്ങളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്.

ഇത്തരത്തിൽ കൈക്കൂലി വാങ്ങുന്ന ഒരു പൊലീസുകാരൻ ‘കണ്ണൂർ സ്ക്വാഡ്’ എന്ന സിനിമയിലുമുണ്ട്. ഇത്തരക്കാരെ നടപടിയെടുത്ത് മാറ്റി നിർത്തുന്നതാണ് ചരിത്രമെങ്കിൽ സിനിമയിൽ ആ പൊലീസുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. കൈക്കൂലി വാങ്ങിയ കേസിൽ പിടിക്കപ്പെട്ട പൊലീസുകാരനില്ലാതെ ‘കണ്ണൂർ സ്ക്വാഡിന്റെ’ പ്രവർത്തനം മുന്നോട്ടു പോകില്ലന്ന നിലപാടാണത്. ഇതിനെ അപക്വമായ ചിത്രീകരണമായി മാത്രമേ കാണാൻ സാധിക്കൂ. അതെന്തായാലും ചൂണ്ടിക്കാട്ടാതിരിക്കാൻ കഴിയുകയില്ല.

അതുപോല തന്നെ പൊലീസിന്റെ അച്ചടക്കത്തിനു വിരുദ്ധമായ ശൈലിയും കണ്ണൂർ സ്ക്വാഡിൽ പൊലീസ് സ്വകരിച്ചിട്ടുണ്ട്. എസ്.പിയുടെ ഉത്തരവ് പൊലീസ് സംഘത്തെ നയിക്കുന്ന മമ്മുട്ടിയുടെ എ.എസ്.ഐ കഥാപാത്രം ധിക്കരിക്കുന്ന ദൃശ്യം അതിനൊരു ഉദാഹരണമാണ്. ഇതൊന്നും പൊലീസിന്റെ സിസ്റ്റം അറിയുന്നവർക്കാർക്കും ദഹിക്കാത്ത കാര്യമാണ്. മേലുദ്യോഗസ്ഥർ പറഞ്ഞാൽ അത് അനുസരിക്കുക എന്നതു മാത്രമാണ് പൊലീസുകാർക്ക് മുന്നിലുള്ള ഏകപോംവഴി. എതിർ സ്വരങ്ങൾക്ക് സേനയിൽ ഒരു സ്ഥാനവുമില്ല. സിനിമയിൽ മമ്മുട്ടിയുടെ ഹീറോയിസം പ്രകടിപ്പിക്കാനാണ് ഇത്തരമൊരു സീൻ സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. അതാകട്ടെ വ്യക്തവുമാണ്.

അതേസമയം, കണ്ണൂർ സ്ക്വാഡിലെ നാലംഗ സംഘത്തിന്റെ രീതികളും സ്വഭാവവും കേസ് കണ്ടെത്താനുള്ള അവരുടെ മാർഗ്ഗങ്ങളും എല്ലാം തന്നെ സാധാരണ ഗതിയിൽ എസ്.പിമാരുടെ സ്ക്വാഡുകൾ പിന്തുടരുന്ന രീതികളാണ് എന്നതും ഒരു യാഥാർത്ഥ്യം തന്നെയാണ്. കുറ്റവാളിയെ പിടിക്കുക എന്നതിലേക്ക്‌ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പൊലീസുകാരുടെ കുടുംബം വ്യക്തി ജീവിതം അവരുടെ ആത്മസംഘർഷങ്ങൾ തുടങ്ങി അവരിലെ മനുഷ്യരെ കൂടി ചേർത്ത്‌ പിടിക്കാനും തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചിട്ടുണ്ട്. അതിനെ എന്തായാലും അഭിനന്ദിക്കാതിരിക്കാൻ കഴിയുകയില്ല.

സൂപ്പർതാര പരിവേഷം അഴിച്ചു വച്ചാണ് ഈ സിനിമയിൽ മമ്മുട്ടി അഭിനയിച്ചിരിക്കുന്നത്. 70 വയസ് പിന്നിട്ടെങ്കിലും പ്രായമൊന്നും തന്റെ അഭിനയ പ്രതിഭയെ ഒരു തരത്തിലും തളർത്തിയിട്ടില്ലന്നത് ഒരിക്കൽ കൂടി മമ്മുട്ടി തെളിയിക്കുമ്പോൾ തീർച്ചയായും അത് മലയാളത്തിന്റെ അഭിമാനം കൂടിയായാണ് മാറുന്നത്. തന്റെ ആദ്യ സിനിമയിലൂടെ റോബി വർ​ഗീസ് രാജ്‌ എന്ന സംവിധായകനും മലയാള സിനിമയിലെ സാന്നിധ്യം വളരെ ശക്തമായാണ് അടയാളപെടുത്തിയിരിക്കുന്നത്.

കണ്ണൂർ സ്ക്വാഡിനായി തിരക്കഥയൊരുക്കിയ റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവരും കൈയ്യടി അർഹിക്കുന്നുണ്ട്‌. ഇതോടൊപ്പം തന്നെ സുഷിൻ ശ്യാമിന്റെ സംഗീതവും മുഹമ്മദ്‌ റാഹലിലിന്റെ ചായാഗ്രാഹണവും പ്രവീണിന്റെ എഡിറ്റിങും എല്ലാം സിനിമയ്‌ക്ക്‌ പൂർണത സമ്മാനിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. അതും വിലയിരുത്തപ്പെടുക തന്നെ വേണം.

EXPRESS KERALA VIEW

Top