മമ്മൂട്ടി – ലിജോ ചിത്രം ‘നന്‍പകല്‍’ തമിഴ്നാട്ടില്‍ റിലീസ് ചെയ്തു

മമ്മൂട്ടി നായകനായെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ തമിഴ്നാട് റിലീസ് ഇന്ന്. പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന മലയാള ചിത്രത്തില്‍ കഥാപാത്രങ്ങള്‍ ഇരുഭാഷകളും സംസാരിക്കുന്നുണ്ട്. 29 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിക്കുക. ഡ്രീം വാരിയര്‍ പിക്ചേഴ്സ് ആണ് തമിഴ്നാട്ടിലെ വിതരണം. കെജിഎഫ് 2, കാന്താര എന്നിവയ്ക്കു ശേഷം ഈ കമ്പനി തമിഴ്നാട്ടില്‍ വിതരണം ചെയ്യുന്ന ഇതരഭാഷാ ചിത്രമാണ് നന്‍പകല്‍.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടിരുന്ന ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ജനുവരി 19 ന് ആയിരുന്നു. ഫെസ്റ്റിവലിന് കൈയടി നേടിയ ചിത്രം തിയറ്ററില്‍ കാണാന്‍ ആളുണ്ടാവില്ലെന്ന മുന്‍വിധിയെ മറികടന്ന് എല്ലാവിഭാഗം പ്രേക്ഷകരും ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കേരളത്തിനൊപ്പം ജിസിസി, യുഎസ്, കാനഡ എന്നിവിടങ്ങളിലെല്ലാം ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു. ജനുവരി 27 മുതല്‍ ചിത്രം യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും റിലീസ് ചെയ്യും. യുകെയില്‍ മാത്രം 27 സ്ക്രീനുകളുണ്ട് ചിത്രത്തിന്.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. തന്റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമ, തമിഴ് ഗ്രാമീണനായ സുന്ദരം എന്നിങ്ങനെ രണ്ട് വേഷപ്പകര്‍ച്ചകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പ്രമേയ പരിസരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് നന്‍പകലിലേത്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

Top